കീം 2024: എം.ബി.ബി.എസ്./ബി.ഡി.എസ്. ആദ്യ റൗണ്ടിൽ 5831 പേർക്ക് അലോട്മെന്റ്

കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന്റെ ഭാഗമായുള്ള ആദ്യറൗണ്ട് അന്തിമ അലോട്മെൻറ് ലിസ്റ്റ് പ്രകാരം, രണ്ടു കോഴ്സുകൾക്കുമായി മൊത്തം 57 സർക്കാർ/സ്വകാര്യ സ്വാശ്രയ, മെഡിക്കൽ/ ഡെന്റല് കോളേജുകളിലായി 5831 പേർക്ക് അലോട്മെൻറ് ലഭിച്ചു.
എം.ബി.ബി.എസിന് 12 സർക്കാർ മെഡിക്കൽ കോളേജുകളിലും 19 സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 3994 പേർക്കും ബി.ഡി.എസിന് ആറ് സർക്കാർ ഡെന്റൽ കോളേജുകളിലും 20 സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളേജുകളിലുമായി 1837 പേർക്കും അലോട്മെൻറ് ലഭിച്ചു.
എം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 746 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും സ്വാശ്രയവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റിൽ 8287 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും അലോട്മെൻറ് ലഭിച്ചു.
ബി.ഡി.എസിന് അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ 4053 (ഗവ.), 27,404 (സ്വാശ്രയം) ആണ്.
ഈ രണ്ടു കോഴ്സുകളിലെയും ഇരുവിഭാഗം കോളേജുകളിലെ വിവിധ മാൻഡേറ്ററി സംവരണവിഭാഗങ്ങളിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക ഒന്ന് കാണുക.
സർക്കാർവിഭാഗം എം.ബി.ബി. എസ് വിവിധ സ്പെഷ്യൽ റിസർവേഷൻ, ഭിന്നശേഷിസംവരണം എന്നിവയിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക രണ്ട് കാണുക.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ അഖിലേന്ത്യ, മൈനോറിറ്റി, എൻ.ആർ.ഐ. സീറ്റുകളിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക മൂന്ന് കാണുക
അലോട്മെന്റ് മെമ്മോ
അലോട്മെന്റ് ലഭിച്ചവർ, അവരുടെ ഹോംപേജിൽനിന്നും അലോട്മെൻറ് മെമ്മോ ഡൗൺലോഡുചെയ്ത് അതിന്റെ പ്രിൻറൗട്ട് എടുക്കണം. അപേക്ഷാർഥിയുടെ പേര്, റോൾനമ്പർ, അലോട് ചെയ്യപ്പെട്ട കോഴ്സ്, കോളേജ്, കാറ്റഗറി, ഫീവിവരങ്ങൾ തുടങ്ങിയവ അതിലുണ്ടാകും.
പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക അതിൽ രേഖപ്പെടുത്തിയിരിക്കും. ആ തുക ഓൺലൈൻ ആയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസിൽ (ലിസ്റ്റ് വെബ്സൈറ്റിൽ ഉണ്ട്) പണമായോ അടയ്ക്കണം.
എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരിൽ തുക ഒന്നും അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയകോളേജിലെ മൈനോറിറ്റി/എൻ.ആർ.ഐ. ക്വാട്ടയിൽ ആണ് അലോട്മെൻറ് ലഭിച്ചതെങ്കിൽ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം. ഇവർക്ക് ഈ സീറ്റുകളിൽ ഫീസ് ഇളവിന് അർഹത ഉണ്ടാകില്ല.
പ്രവേശനം നേടൽ
• പരീക്ഷാർഥിയുടെ അടിസ്ഥാനവിവരങ്ങൾ ഉൾപ്പെടുന്ന ഡേറ്റാഷീറ്റും ഹോം പേജിൽനിന്നും ഡൗൺലോഡ് ചെയ്ത് പ്രിൻറൗട്ട് എടുക്കണം
• പ്രവേശനപരീക്ഷാ കമ്മിഷണർക്ക് തുക അടയ്ക്കേണ്ടവർ, അത് അടച്ചശേഷം, അലോട്മെൻറ് മെമ്മോ, ഡേറ്റാഷീറ്റ്, കീം 2024 പ്രോസ്പെക്ടസ് ക്ലോസ് 11.7.1-ൽ (പേജ് 79) നൽകിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള രേഖകൾ എന്നിവസഹിതം സെപ്റ്റംബർ അഞ്ചിന് വൈകീട്ട് നാലിനകം അലോട്മെൻറ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.
ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും.
• സ്വാശ്രയ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 2024-25-ലെ ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഈ വിഭാഗം കോളേജുകളിൽ അലോട്മെൻറ് ലഭിച്ചവർ 2023-24-ലെ ഫീസ് താത്കാലികമായി അടയ്ക്കണം. പിന്നീട് ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന ഫീസ് അനുസരിച്ച് അധികതുക അടയ്ക്കേണ്ടിവന്നാൽ ആ തുക പിന്നീട് അടയ്ക്കണം.
• സ്പോൺസർ നൽകിയ ‘സ് വോൺ അഫിഡവിറ്റ്’ അപ്ലോഡ് ചെയ്ത എൻ.ആർ.ഐ. വിഭാഗക്കാർക്ക് ഈ ഘട്ടത്തിൽ എൻ.ആർ.ഐ. വിഭാഗത്തിൽ അലോട്മെൻറ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് താത്കാലിക അലോട്മെൻറായി കണക്കാക്കും. ഇവർ എ.ബി.ബി.എസ്./ബി.ഡി.എസ്. മൂന്നാംഘട്ട അലോട്മെന്റ് ഓപ്ഷൻ സമർപ്പണത്തിന് പ്രവേശനപരീക്ഷാ കമ്മിഷണർ നിശ്ചയിക്കുന്ന അവസാനതീയതിക്കു മുമ്പായി കാലാവധിയുള്ള വിസ/അക്നോളജ്മെന്റ്, അപ്ലോഡ് ചെയ്ത് അപേക്ഷയിലെ ന്യൂനത പരിഹരിക്കണം. സാധുവായ രേഖകൾ അവർ സമയപരിധിക്കകം സമർപ്പിക്കാത്ത പക്ഷം, ഈഘട്ടത്തിൽ ലഭിച്ച താത്കാലിക എൻ.ആർ.ഐ. അലോട്മെന്റ് നഷ്ടപ്പെടുന്നതാണ്. താത്കാലികമായി അനുവദിച്ച എൻ.ആർ.ഐ. കാറ്റഗറിയും റദ്ദാക്കും.
• കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ താത്കാലികമായി കാറ്റഗറി ക്ലെയിമുകൾ അനുവദിക്കപ്പെട്ടവരുടെ അലോട്മെൻറ് കോടതിയുടെ അന്തിമ ഉത്തരവുകൾക്ക് വിധേയമായിരിക്കും.
• കിർത്താഡ്സ് പരിശോധന പൂർത്തിയാകാത്തവരുടെ അലോട്മെൻറ്, കിർത്താഡ്സ് അന്തിമപരിശോധനാ റിപ്പോർട്ടിനു വിധേയമായിരിക്കും.
രണ്ടാംഘട്ട അലോട്മെന്റ്
എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റ് സംബന്ധിച്ച വിജ്ഞാപനം പിന്നിട് പ്രസിദ്ധീകരിക്കും. വിജ്ഞാപനം വന്നശേഷം അലോട്മെൻറിൽ പങ്കെടുക്കാൻ താത്പര്യമുള്ള, അർഹതയുള്ളവർ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. തുടർന്ന് നിലവിലുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുവാനും താത്പര്യമില്ലാത്ത ഓപ്ഷനുകൾ റദ്ദുചെയ്യാനും ആ ഘട്ടത്തിൽ സൗകര്യം ലഭിക്കും.
അലോട്മെൻറ് ലഭിച്ച് സമയപരിധിക്കകം പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയ ശേഷം സീറ്റ് ഉപേക്ഷിക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് പിഴയായി കണക്കാക്കും. അവർക്ക് ആ തുക തിരികെ നൽകുന്നതല്ല. ഈ അലോട്മെന്റിന്റെ വിശദമായ വിജ്ഞാപനം, അലോട്മെന്റ് ലിസ്റ്റ്, ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ www.cee.kerala.gov.in ൽ ലഭിക്കും.
Content Highlights: 5831 persons get first round allotment