NCERT പാഠപുസ്തകത്തില്‍ ഗീത, വേദങ്ങള്‍, സിഖ്-മറാഠാ ചരിത്രം തുടങ്ങിയവ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഭഗവദ്ഗീത, വേദങ്ങള്‍, ചരിത്രത്തില്‍ ഇടംനേടാതെപോയ സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ പാര്‍ലമെന്ററി പാനലിന്‍റെ ശുപാര്‍ശ. പാര്‍ലമെന്റില്‍ തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍.സി.ഇ.ആര്‍.ടിക്കും കേന്ദ്രവിദ്യാഭ്യാസ വകുപ്പിനുമുള്ള നിര്‍ദേശങ്ങളുള്ളത്.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍- അവരുടെ സംഭാവനകള്‍ എന്നിവ എന്‍.സി.ഇ.ആര്‍.ടിയുടെ റെഗുലര്‍ ടെക്സ്റ്റ് ബുക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അനുബന്ധപഠനത്തിന് പകരം പ്രധാന പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുമ്പോള്‍ മാത്രമേ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ട ഒന്നായി മാറൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഖ്- മറാഠാചരിത്രം, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രം എന്നിവ ഉള്‍പ്പെടുത്താനും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.
പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച റിപ്പോർട്ടാണ് പാര്‍ലമെന്ററി പാനല്‍ തിങ്കളാഴ്ച സമര്‍പ്പിച്ചത്. വിദ്യാഭ്യാസ-വനിതാ-ശിശു-യുവജന-സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബിജെപി രാജ്യസഭാ എം.പിയുമായ വിവേക് ഠാക്കൂറാണ് നടപടി റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിച്ച 'ചരിത്രവിരുദ്ധമായ വസ്തുതകള്‍' കണ്ടുപിടിക്കുക, ഇന്ത്യന്‍ ചരിത്രത്തിലെ എല്ലാ കാലഘട്ടങ്ങള്‍ക്കും തുല്യസ്ഥാനം ഉറപ്പാക്കുക, പ്രഗത്ഭരായ വനിതകള്‍ക്ക് തുല്യ പ്രാതിനിധ്യം നല്‍കുക എന്നീ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായാണ് സമിതി രൂപവത്കരിച്ചിരുന്നത്.
വേദങ്ങള്‍, ഭഗവത് ഗീത എന്നിവയില്‍നിന്നുള്ള അറിവുകള്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ശുപാർശയും റിപ്പോർട്ടിലുണ്ട്. ഇതിന്റെ ഭാഗമായി ആറ്, ഏഴ്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഗീതാശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും നിർദേശമുണ്ട്.
പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനായി തയ്യാറാക്കിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ ഗൗരവമായി കാണുമെന്നും പാഠപുസ്തകങ്ങളുടെയും മറ്റും ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കുന്നതിന് സംവിധാനം ആവശ്യമാണെന്ന് വകുപ്പ് അംഗീകരിച്ചതിനാല്‍ സ്വകാര്യ പ്രസാധകരുടെയും എഴുത്തുകാരുടെയും ഡാറ്റാബേസ് തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Content Highlights: Vedas, Bhagavad Gita, History of 'Unsung' Freedom Fighters to be taught in NCERT text books