ലോകത്തെ ആദ്യ വന്യജീവി സംരക്ഷണ - വെറ്ററിനറി സയൻസസ് യൂണിവേഴ്സിറ്റിയുമായി വൻതാര

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
.
.

ജാംനഗർ: റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി സ്ഥാപിച്ച ആഗോള വന്യജീവി സംരക്ഷണ പ്രസ്ഥാനമായ വൻതാര ഗുജറാത്തിലെ ജാംനഗറിൽ പുതിയ സർവകലാശാല ആരംഭിച്ചു. വന്യജീവി സംരക്ഷണത്തിനും വെറ്ററിനറി സയൻസിനും മാത്രമായി സമർപ്പിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ സംയോജിത ആഗോള സർവകലാശാലയാണ് വൻതാര യൂണിവേഴ്സിറ്റി.

മൃഗക്ഷേമം, ശാസ്ത്രീയ പുരോഗതി, വന്യജീവി സംരക്ഷണത്തിന്റെ ഭാവി എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടാണ് സർവ്വകലാശാല പ്രവർത്തിക്കുക. വെറ്ററിനറി മെഡിസിൻ, കൺസർവേഷൻ, വൈൽഡ് ലൈഫ് കെയർ എന്നീ മേഖലകളിൽ ഭാവി നേതാക്കളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഭാരതത്തിന്റെ പൗരാണിക വിജ്ഞാന പാരമ്പര്യത്തെയും ആധുനിക വിദ്യാഭ്യാസ രീതികളെയും സമന്വയിപ്പിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

'കാരുണ്യം, അറിവ്, നൈപുണ്യം എന്നീ ഗുണങ്ങളോടെ ജീവജാലങ്ങളെ സേവിക്കാൻ നാം എങ്ങനെ സജ്ജരാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സംരക്ഷണത്തിന്റെ ഭാവി. കഷ്ടത അനുഭവിക്കുന്ന മൃഗങ്ങളെ കണ്ടതിൽ നിന്നും അവയുടെ സംരക്ഷണത്തിന് മികച്ച സംവിധാനങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് വൻതാര യൂണിവേഴ്സിറ്റി ജനിച്ചത്. വിശ്വവിഖ്യാതമായ, പ്രാചീന നളന്ദ സർവ്വകലാശാലയുടെ മൂല്യങ്ങളിൽ നിന്നും 'ആ നോ ഭദ്രഃ ക്രതവോ യന്തു വിശ്വതഃ' (എല്ലാ ദിശകളിൽ നിന്നും ഉൽകൃഷ്ടമായ ചിന്തകൾ നമ്മിലേക്ക് വരട്ടെ) എന്ന സനാതന ദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സർവകലാശാല രൂപകൽപ്പന ചെയ്തിരിക്കുന്നത്.'- അനന്ത് അംബാനി പറഞ്ഞു.

ഹിന്ദു പാരമ്പര്യമനുസരിച്ച് നടന്ന സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ അക്കാദമിക്, സയൻസ്, കൺസർവേഷൻ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പുൽമേടുകൾ, വനങ്ങൾ, തണ്ണീർത്തടങ്ങൾ, ഹിമാലയൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണും വെള്ളവും കല്ലുകളും ഉപയോഗിച്ചാണ് സർവ്വകലാശാലയുടെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചത്. ഇത് ഇന്ത്യയുടെ പാരിസ്ഥിതിക വൈവിധ്യത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നു.

വിവിധ പഠന പദ്ധതികൾ

അക്കാദമിക് പ്രോഗ്രാമുകളെന്ന നിലയിൽ അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ഫെലോഷിപ്പ് പ്രോഗ്രാമുകൾ സർവകലാശാലയിലുണ്ടാകും.

വൈൽഡ് ലൈഫ് മെഡിസിൻ ആൻഡ് സർജറി, ന്യൂട്രീഷൻ, ബിഹേവിയറൽ സയൻസസ്, ജനറ്റിക്സ്, എപ്പിഡെമിയോളജി, വന്യജീവി സംരക്ഷണ നയങ്ങൾ തുടങ്ങിയവയാണ് പ്രധാന വിഷയങ്ങൾ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക സ്‌കോളർഷിപ്പുകളും ലഭ്യമാണ്.

അത്യാധുനിക ക്ലിനിക്കൽ സൗകര്യങ്ങൾ, അന്താരാഷ്ട്ര സഹകരണം, റെസിഡൻഷ്യൽ ക്യാമ്പസ് എന്നിവയും വൻതാര സർവകലാശാലയുടെ പ്രത്യേകതകളാണ്.

വന്യജീവികളെ ആരാധിക്കുക മാത്രമല്ല, അവയെ ശാസ്ത്രീയമായി സംരക്ഷിക്കാൻ പരിശീലനം ലഭിച്ചവരും അറിവും ആവശ്യമാണെന്ന കാഴ്ചപ്പാടാണ് വൻതാര യൂണിവേഴ്സിറ്റി മുന്നോട്ട് വെക്കുന്നത്. വന്യജീവി സംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സംരംഭത്തിന് സാധിക്കുമെന്ന് കരുതപ്പെടുന്നു.

Content Highlights: World's first integrated university dedicated to wildlife conservation and veterinary science., Curriculum blends ancient Indian wisdom with modern scientific advancements., Offers Undergraduate, Postgraduate, and Fellowship programs., Focuses on clinical facilities, behavioral sciences, and global conservation policies., Includes scholarships for socially and economically disadvantaged students.