അമേരിക്കയിൽ വിദ്യാർഥികളുടെ ജോലി നിബന്ധനകളിൽ കർശന നിയന്ത്രണം; സർവകലാശാലകൾക്ക് മുന്നറിയിപ്പ്

വാഷിങ്ടൺ: അമേരിക്കയിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനും തുടർന്ന് ജോലി സാധ്യതകൾ കണ്ടെത്തുന്നതിനുമുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ നിബന്ധനകൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം. വിദ്യാർഥികൾക്കായുള്ള കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ് (സി.പി.ടി) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 24-ന് ഫെഡറൽ ഏജൻസി യു.എസ് സർവകലാശാലകൾക്ക് കർശന മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സർവകലാശാലകൾക്ക് വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അംഗീകാരം വരെ നഷ്ടപ്പെടാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ ഭാഗമായ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം, കോഴ്സിന്റെ ഭാഗമല്ലാത്ത പരിശീലനങ്ങൾക്കും സി.പി.ടി. അനുമതി നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.
സർവകലാശാലകളുടെ അടിയന്തര നടപടി
പുതിയ നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ പ്രമുഖ യു.എസ് സർവകലാശാലകൾ അപേക്ഷകൾ പുനഃപരിശോധിക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്തിട്ടുണ്ട്.
യു.സി.എൽ.എ : ഫെഡറൽ മാർഗ്ഗനിർദ്ദേശങ്ങൾ വിശകലനം ചെയ്യുന്നതിനായി ചില സി.പി.ടി അനുമതികൾ താൽക്കാലികമായി നിർത്തിവെച്ചു.
യു.സി ബർക്ക്ലി : ബിരുദ കോഴ്സിന്റെ അവിഭാജ്യ ഘടകമായ അനുമതികൾ നൽകുന്നത് തുടരുമെങ്കിലും ചില അപേക്ഷകൾ വരുംദിവസങ്ങളിൽ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി.
H-1B വിസയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
എഫ്-1 വിസയിലുള്ള വിദ്യാർഥികൾ പഠനകാലത്ത് സി.പി.ടിയും തുടർന്ന് ഒപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങും ഉപയോഗിച്ച് ജോലി കണ്ടെത്തുകയും പിന്നീട് H-1B വിസയിലേക്ക് മാറുകയുമാണ് പതിവ്. എന്നാൽ H-1B വിസ നിബന്ധനകളും ഇപ്പോൾ കൂടുതൽ സങ്കീർണ്ണമാണ്.
വർദ്ധിച്ച ഫീസ്: പുതിയ H-1B വിസകൾക്ക് 1,03,265 ഡോളർ ഫീസ് സ്ഥിരപ്പെടുത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
രജിസ്ട്രേഷനുകളിലെ കുറവ്: കഴിഞ്ഞ വർഷം എച്ച്-1ബി വിസകൾക്കായി 3.44 ലക്ഷം അപേക്ഷകൾ മാത്രമാണ് ലഭിച്ചത്. 2023-ലെ 7.59 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയിലധികം കുറവാണിത്.
വിദഗ്ദ്ധർക്ക് മുൻഗണന: ഉയർന്ന ശമ്പളമുള്ളതും കൂടുതൽ ഉയർന്ന വൈദഗ്ധ്യമുള്ളതുമായ തൊഴിലുകൾക്ക് വിസ മുൻഗണന നൽകാനാണ് പുതിയ നീക്കം.
വിദ്യാർഥികളെ എങ്ങനെ ബാധിക്കും?
നിലവിലെ ഓഗസ്റ്റ് 24-ലെ മുന്നറിയിപ്പ് നേരിട്ട് ബാധിക്കുന്നത് അക്കാദമിക് കോഴ്സിന്റെ ഭാഗമായി ഇന്റേൺഷിപ്പ് ചെയ്യുന്നവരെയാണ്. കൃത്യമായ പാഠ്യപദ്ധതി ആവശ്യങ്ങൾ പാലിക്കുന്നവർക്ക് തുടർന്നും അനുമതി ലഭിക്കുമെങ്കിലും അപേക്ഷകൾ അനുവദിക്കുന്നതിൽ സർവകലാശാലകൾ ഇനി കൂടുതൽ ജാഗ്രത പുലർത്തിയേക്കും.
Content Highlights: The Trump administration has issued strict federal warnings regarding CPT and H-1B regulations, prompting major US universities to pause or review work permit approvals for international students.