യു.എസിൽ പഠനമോ സ്വപ്നം? താമസവും ട്യൂഷൻ ഫീസും സൗജന്യം; അറിയാം പ്രധാന സ്കോളർഷിപ്പുകൾ

#Education desk
പ്രതീകാത്മക ചിത്രം|Photo: canva.com
പ്രതീകാത്മക ചിത്രം|Photo: canva.com

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച കരിയർ അവസരങ്ങളും മുന്നിൽക്കണ്ട് ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലെ സർവകലാശാലകളെ ലക്ഷ്യമിടുന്നത്. എന്നാൽ, അവിടുത്തെ വൻ പഠന-താമസച്ചെലവുകൾ പലരുടെയും സ്വപ്നങ്ങൾക്ക് സാമ്പത്തിക വെല്ലുവിളിയാകാറുണ്ട്. വിദ്യാർഥികളുടെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി ട്യൂഷൻ ഫീസ്, താമസച്ചെലവ്, യാത്രാബത്ത എന്നിവയടക്കം ഉൾപ്പെടുന്ന പ്രധാന സ്കോളർഷിപ്പുകളും സാമ്പത്തിക സഹായ പദ്ധതികളും ലഭ്യമാണ്.

പ്രധാന സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും:

ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പ്: ഇന്ത്യയിലെ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രൊഫഷണലുകൾക്കുമായി നൽകുന്ന മുൻനിര ഫെലോഷിപ്പാണിത്. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് പരമാവധി രണ്ട് വർഷത്തേക്ക് ട്യൂഷൻ ഫീസ്, താമസച്ചെലവ്, യാത്രാബത്ത, ഇൻഷുറൻസ് എന്നിവ ലഭിക്കും.

ഹാർവാർഡ് സർവകലാശാല ഫിനാൻഷ്യൽ എയ്ഡ്: അന്താരാഷ്ട്ര വിദ്യാർഥികളുടെ സാമ്പത്തിക സാഹചര്യം വിലയിരുത്തി നൽകുന്ന നീഡ്-ബേസ്ഡ് സാമ്പത്തിക സഹായമാണിത്. പ്രവേശന നടപടികളും സാമ്പത്തിക സഹായ അപേക്ഷകളും വെവ്വേറെ ഘട്ടങ്ങളായാണ് നടക്കുന്നത്. കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സഹായധനം നിശ്ചയിക്കുന്നത്.

യേൽ സർവകലാശാല ഫിനാൻഷ്യൽ എയ്ഡ്: പ്രവേശനത്തിന് ശേഷമുള്ള സാമ്പത്തിക അടിയന്തരാവശ്യങ്ങൾ പരിഗണിച്ച് 100% വരെ സാമ്പത്തിക സഹായം സ്കോളർഷിപ്പുകളായി നൽകുന്നു.  പ്രവേശന പ്രക്രിയയിൽ വിദ്യാർഥിയുടെ പണം അടയ്ക്കാനുള്ള ശേഷി മാനദണ്ഡമാക്കാറില്ല (Need-blind Admission). അർഹരായ വിദ്യാർഥികൾക്ക് വായ്പകളായല്ല, മറിച്ച് തിരികെ അടയ്ക്കേണ്ടതില്ലാത്ത സ്കോളർഷിപ്പുകളായാണ് മുഴുവൻ ആവശ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായം നൽകുന്നത്.

എം.ഐ.ടി സ്കോളർഷിപ്പുകൾ: വാർഷിക വരുമാനം 1,00,000 ഡോളറിന് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കി നൽകുന്നു. 2,00,000 ഡോളർ വരെ വരുമാനമുള്ളവർക്കും അർഹതയ്ക്കനുസരിച്ച് ഫീസ് ഇളവ് ലഭിക്കും

AAUW ഇന്റർനാഷണൽ ഫെലോഷിപ്പ്: അമേരിക്കൻ പൗരത്വമില്ലാത്ത വനിതകൾക്ക് ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ്, പോസ്റ്റ്-ഡോക്ടറൽ പഠനങ്ങൾ എന്നിവയ്ക്കായി നൽകുന്ന ഫെലോഷിപ്പ്. പഠനശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങി ജോലി ചെയ്യണമെന്നത് പ്രധാന നിബന്ധനയാണ്.

ഹ്യൂബെർട്ട് ഹംഫ്രി ഫെലോഷിപ്പ്: പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കായി നൽകുന്ന 10 മാസം ദൈർഘ്യമുള്ള ഡിഗ്രി ഇതര നേതൃത്വ വികസന പ്രോഗ്രാമാണിത്. ട്യൂഷൻ ഫീസ്, പ്രതിമാസ സ്റ്റൈപ്പൻഡ്, വിമാന ടിക്കറ്റ് എന്നിവ ഇതിൽ ലഭിക്കും. നേതൃപാടവവും പ്രൊഫഷണൽ നൈപുണ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന ഫെലോഷിപ്പിലൂടെ ട്യൂഷൻ ഫീസ്, പ്രതിമാസ ജീവനാംശ സ്റ്റൈപ്പൻഡ്, വിമാന ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ്, പുസ്തകങ്ങൾ എന്നിവയ്ക്കുള്ള സഹായം ലഭിക്കും.

അപേക്ഷിക്കുന്നതിന് മുൻപായി വിദ്യാർഥികൾ അതത് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് യോഗ്യതാ മാനദണ്ഡങ്ങളും നിബന്ധനകളും കൃത്യമായി പരിശോധിക്കേണ്ടതാണ്.

Content Highlights: Leading US institutions and organizations offer comprehensive scholarships—covering full tuition, living stipends, and travel expenses