ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; വിദേശ വിദ്യാർഥികളുടെ ഇന്റേൺഷിപ്പ് നിയന്ത്രണം തടഞ്ഞ് യുഎസ് കോടതി

അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ ഇന്റേൺഷിപ്പുകൾക്കും മറ്റ് പ്രായോഗിക പരിശീലന അവസരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി തടഞ്ഞ് യുഎസ് ഫെഡറൽ കോടതി. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അവരുടെ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട തൊഴിൽ പരിചയം നേടാൻ സഹായിക്കുന്ന കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിങ് (സി.പി.ടി.) പ്രോഗ്രാമിന്റെ യോഗ്യതകൾ പരിമിതപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നവംബർ 17-നാണ് ഈ രണ്ട് നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഉത്തരവിറക്കിയത്.
അസോസിയേഷൻ ഓഫ് അമേരിക്കൻ യൂണിവേഴ്സിറ്റീസ്, പ്രസിഡന്റ്സ് അലയൻസ് ഓൺ ഹയർ എജ്യുക്കേഷൻ ആൻഡ് ഇമിഗ്രേഷൻ എന്നിവരുൾപ്പെടെ നാല് ഉന്നത വിദ്യാഭ്യാസ സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായക വിധി. ഓഗസ്റ്റിലെ നിർദ്ദേശങ്ങൾ രാജ്യത്തുടനീളമുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ ഇന്റേൺഷിപ്പ്, പരിശീലന അവസരങ്ങളെ സാരമായി തടസ്സപ്പെടുത്തിയെന്ന് സംഘടനകൾ വാദിച്ചു.
കഴിഞ്ഞ 35 വർഷത്തിലേറെയായി, പഠനവിഷയവുമായി നേരിട്ട് ബന്ധമുള്ളതും പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകവുമായ ഇന്റേൺഷിപ്പുകൾ ചെയ്യാൻ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സർവകലാശാലകളുടെ അനുമതിയുണ്ടായിരുന്നു. അക്കാദമിക് ക്രെഡിറ്റ് ലഭിക്കുന്നതോ ബിരുദം പൂർത്തിയാക്കാൻ ആവശ്യമായതോ ആയ പരിശീലനങ്ങൾ ഇതിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഒരു പ്രത്യേക ഡിഗ്രി പ്രോഗ്രാമിൽ ചേരുന്ന എല്ലാ വിദ്യാർഥികൾക്കും പ്രായോഗിക പരിശീലനം നിർബന്ധമാണെങ്കിൽ മാത്രമേ സി.പി.ടി അനുവദിക്കൂ എന്നായിരുന്നു ഓഗസ്റ്റിൽ ഡി.എച്ച്.എസ് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശം. ഇതോടെ അക്കാദമിക് ക്രെഡിറ്റിനായി വിദ്യാർഥികൾ സ്വന്തം താല്പര്യപ്രകാരം തിരഞ്ഞെടുക്കുന്ന ഇന്റേൺഷിപ്പുകൾക്കുള്ള അവസരം ഇല്ലാതായി.
നയപരമായ വലിയ മാറ്റം കൃത്യമായി വ്യക്തമാക്കാതെ, സി.പി.ടി യോഗ്യത സംബന്ധിച്ച ദീർഘകാലമായുള്ള വ്യാഖ്യാനത്തിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നതിലൂടെ ഭരണകൂടം 'അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജ്യർ ആക്ട്' ലംഘിച്ചതായി പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജഡ്ജി ജൂലിയ കോബിക് നിരീക്ഷിച്ചു.
ഹർജിയിൽ ഉദ്ധരിച്ചിട്ടുള്ള യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കണക്കുകൾ പ്രകാരം, 2024-ൽ 1,40,775 അന്താരാഷ്ട്ര വിദ്യാർഥികൾക്കാണ് സി.പി.ടി അനുമതി ലഭിച്ചത്. ആമസോണും ടെസ്ലയുമായിരുന്നു ആ വർഷം ഏറ്റവും കൂടുതൽ സി.പി.ടി വിദ്യാർഥികൾക്ക് തൊഴിൽ നൽകിയ സ്ഥാപനങ്ങൾ. കോടതി വിധിയോട് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പ്രതികരിച്ചിട്ടില്ല.
Content Highlights: A US federal judge in Boston blocked the Trump administration's August directives that severely restricted Curricular Practical Training (CPT) internship eligibility for F-1 visa international students