നാല് വർഷം, ഒരു വിദ്യാർഥി പോലും ജയിച്ചില്ല; തമിഴ്‌നാട്ടിലെ എൻജിനിയറിങ് കോളേജുകളിൽ പരിശോധന ശക്തമാക്കുന്നു

#Education desk
Anna University
Anna University

ചെന്നൈ: അണ്ണാ സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിലെ പഠന നിലവാരം സംബന്ധിച്ച കണക്കുകൾ സമർപ്പിക്കാൻ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. പഠന നിലവാരത്തിൽ വളരെ പിറകിലായ എൻജിനിയറിങ് കോളേജുകൾ തമിഴ്‌നാട്ടിലുണ്ടെന്നും ഇവിടെ പഠിച്ചിറങ്ങുന്നവർക്ക് ജോലി ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നുവെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി.

അതേസമയം, പഠന നിലവാരം കുറഞ്ഞ കോളേജുകൾക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും എന്നാൽ കോളേജ് പൂട്ടാനുള്ള ഉത്തരവിടേണ്ടത് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷനാണെന്നും (എ.ഐ.സി.ടി.ഇ.) അണ്ണാ സർവകലാശാല വക്താക്കൾ അറിയിച്ചു.

അണ്ണാ സർവകലാശാലയുടെ കീഴിലുള്ള 24 എൻജിനിയറിങ് കോളേജുകളിൽനിന്ന് കഴിഞ്ഞ നാലു വർഷമായി ഒരു കുട്ടി പോലും പാസായിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഈ കോളേജുകളിൽനിന്ന് കഴിഞ്ഞ നാല് വർഷത്തിൽ 2425 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. എന്നാൽ, ഒരു വിദ്യാർഥിപോലും പരീക്ഷയിൽ വിജയിച്ചിരുന്നില്ല. 177 കോളേജുകളിൽനിന്ന് കഴിഞ്ഞ നാലു വർഷത്തിൽ 50 വിദ്യാർഥികൾ മാത്രമാണ് പാസായത്. ഈ കോളേജുകളിൽനിന്ന് നിശ്ചിത കാലയളവിൽ പരീക്ഷ പാസാകുന്നവരുടെ എണ്ണം നാമമാത്രമാണ്.

എൻജിനിയറിങ് കോളേജുകളുടെ ദയനീയമായ വിദ്യാഭ്യാസനിലവാരത്തിൽ വിദ്യാഭ്യാസവിദഗ്ധർ നേരത്തേ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആവശ്യമായ അടിസ്ഥാനസൗകര്യവും മികച്ച അധ്യാപകരുമുള്ള കോളേജുകളിലേക്ക് മാത്രമേ കൗൺസലിങ് നടത്തുമ്പോൾ വിദ്യാർഥികളെ ചേർക്കാൻ പാടുള്ളൂവെന്ന് വിദ്യാഭ്യാസ വിദഗ്ധർ നിർദേശിച്ചിരുന്നു.

സംസ്ഥാനത്തെ 418 എൻജിനിയറിങ് കോളേജുകളിലേക്കായി 2,53,806 സീറ്റുകളാണുള്ളത്. ഈ അധ്യയനവർഷത്തിൽ 1,99,775 സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്. 35 കോളേജുകളിൽ 100 ശതമാനം പ്രവേശനം നടന്നു. 24 കോളേജുകളിൽ 10 ശതമാനത്തിൽത്താഴെ വിദ്യാർഥികൾ മാത്രമാണ് ചേർന്നത്.

Content Highlights: Tamil Nadu Higher Education Department demanded academic quality reports from Anna University affiliated engineering colleges