ഗ്രാമീണ ഇന്ത്യയിൽ പെൺകുട്ടികളുടെ തുടർപഠനം കുറയുന്നു: യുനെസ്കോ റിപ്പോർട്ട്

ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയിൽ ഹയർ സെക്കൻഡറി (11, 12 ക്ലാസുകൾ) വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾ ഏറെ പിന്നിലെന്ന് യുനെസ്കോ റിപ്പോർട്ട്. നഗരപ്രദേശങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യമായി സെക്കൻഡറി വിദ്യാഭ്യാസം ലഭ്യമാകുമ്പോൾ, ഗ്രാമീണ മേഖലകളിൽ 100 ആൺകുട്ടികൾ പഠനം പൂർത്തിയാക്കുമ്പോൾ 59 പെൺകുട്ടികൾ മാത്രമാണ് ഹയർ സെക്കൻഡറി വിജയിച്ചിറങ്ങുന്നത്.
അന്താരാഷ്ട്ര ബാലികാ ദിനത്തിന് (ഒക്ടോബർ 11) മുന്നോടിയായി യുനെസ്കോ പുറത്തുവിട്ട 'ജെൻഡർ ഇക്വിറ്റി ഇൻ ആക്സസ് ടു എഡ്യൂക്കേഷൻ' റിപ്പോർട്ടിലാണ് കണക്കുകളുള്ളത്. താഴ്ന്ന-ഇടത്തരം വരുമാനമുള്ള 31 രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ ലിംഗവിവേചനമാണ് റിപ്പോർട്ട് പ്രധാനമായും വിശകലനം ചെയ്തത്.
നഗര-ഗ്രാമീണ വിടവ് പ്രകടം
ദേശീയതലത്തിൽ 100 ആൺകുട്ടികൾ ഹയർ സെക്കൻഡറി പൂർത്തിയാക്കുമ്പോൾ 89 പെൺകുട്ടികൾ പഠനം പൂർത്തിയാക്കുന്നു. എന്നാൽ നഗരമേഖലകളിൽ ഇത് 1.0 എന്ന നിരക്കിൽ പൂർണ്ണ സമത്വം കൈവരിച്ചപ്പോൾ, ഗ്രാമീണ മേഖലകളിൽ ഇത് 0.59 ആയി കുത്തനെ കുറയുകയാണ്.
ഗ്രാമീണ മേഖലയിലെ വിടവ് സ്കൂൾ പ്രവേശനത്തിലും പ്രകടമാണ്. ഗ്രാമീണ ഇന്ത്യയിൽ 15-16 പ്രായത്തിലുള്ള പെൺകുട്ടികളിൽ 8.1 ശതമാനം പേരും സ്കൂളുകളിൽ പ്രവേശനം നേടിയിട്ടില്ലെന്ന് എ.എസ്.ഇ.ആർ 2024 റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2022-ൽ ഇത് 7.9 ശതമാനമായിരുന്നു.
ദാരിദ്ര്യവും സാമൂഹിക സാഹചര്യങ്ങളും
കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രധാനമായും ബാധിക്കുന്നതെന്ന് യുനെസ്കോ വ്യക്തമാക്കുന്നു. പഠനം വിശകലനം ചെയ്ത രാജ്യങ്ങളിൽ പാവപ്പെട്ട 20 ശതമാനം കുടുംബങ്ങളിൽ ലിംഗസമത്വ സൂചിക 0.66 മാത്രമുള്ളപ്പോൾ, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന 20 ശതമാനം കുടുംബങ്ങളിൽ ഇത് 0.92 ആണ്.
ഇന്ത്യയിലെ മാറ്റങ്ങൾ നൽകുന്ന പ്രതീക്ഷ
പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം ഉറപ്പാക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കിയ ചില നയങ്ങൾ നല്ല മാറ്റങ്ങൾ ഉണ്ടാക്കിയതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു:
-
- പ്രത്യേക ശൗചാലയങ്ങൾ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗചാലയങ്ങൾ നിർമ്മിക്കുന്നതിനുള്ള ദേശീയ പദ്ധതി കൗമാരക്കാരായ പെൺകുട്ടികളുടെ സ്കൂൾ പ്രവേശനം വർധിപ്പിച്ചു.
- ഉച്ചഭക്ഷണ പദ്ധതി: സ്കൂളുകളിൽ കൃത്യമായി ഉച്ചഭക്ഷണം നൽകുന്നത് പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറച്ചു.
- ലൈഫ് സ്കിൽ ക്ലാസുകൾ: കർണാടകയിലെ 121 ഗ്രാമങ്ങളിൽ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ലൈഫ് സ്കിൽ പഠനങ്ങളും സാമൂഹിക കൂട്ടായ്മകളും സെക്കൻഡറി വിദ്യാഭ്യാസ പൂർത്തീകരണ നിരക്ക് ഉയർത്താൻ സഹായിച്ചു.
നേപ്പാളിന്റെ വിജയം
അയൽരാജ്യമായ നേപ്പാൾ നിരന്തരമായ ഇടപെടലുകളിലൂടെ വലിയ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട് എടുത്തുപറയുന്നു. 1990-ൽ എട്ട് ശതമാനം മാത്രമായിരുന്ന നേപ്പാളിലെ പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ പൂർത്തീകരണ നിരക്ക് 2024-ഓടെ 89 ശതമാനമായി ഉയരുകയും ആൺകുട്ടികൾക്കൊപ്പം സമത്വം കൈവരിക്കുകയും ചെയ്തു. സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കൽ, ആനുകൂല്യങ്ങൾ, പരീക്ഷാ പരിഷ്കാരങ്ങൾ എന്നിവയാണ് നേപ്പാളിനെ സഹായിച്ചത്.
ട്യൂഷൻ ഫീസ് ഒഴിവാക്കിയത് കൊണ്ടുമാത്രം പെൺകുട്ടികളുടെ വിദ്യാഭ്യാസം പൂർണ്ണമാകില്ലെന്നും, യാത്രാസൗകര്യങ്ങളുടെ കുറവ്, സുരക്ഷിതമല്ലാത്ത സ്കൂൾ അന്തരീക്ഷം, സൗകര്യങ്ങളുടെ അഭാവം, ബാല്യവിവാഹം, കൗമാര ഗർഭധാരണം തുടങ്ങിയ പ്രായോഗിക തടസ്സങ്ങൾ പരിഹരിച്ചാൽ മാത്രമേ എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകൂ എന്നും യുനെസ്കോ ഓർമ്മിപ്പിക്കുന്നു.
Content Highlights: UNESCO report highlights that in rural India, only 59 girls complete higher secondary education for every 100 boys.,