കാമ്പസുകളിൽ ജാതിവിവേചനം വേണ്ട; തുല്യാവസരകേന്ദ്രങ്ങൾ തുടങ്ങണമെന്ന് യുജിസി

#Education Desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ജാതിവിവേചനം ഇല്ലാതാക്കാൻ നിയന്ത്രണ നടപടികളുമായി യുജിസി. കാമ്പസുകളിൽ തുല്യത ഉറപ്പാക്കാനായി ‘പ്രമോഷൻ ഓഫ് ഇക്വിറ്റി ഇൻ ഹയർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്’ വ്യവസ്ഥകൾ യുജിസി വിജ്ഞാപനം ചെയ്തു. ജാതി വിവേചനം ഇല്ലാതാക്കാൻ മാർഗരേഖയിറക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെയാണിത്.

പുതിയ വിജ്ഞാപനപ്രകാരം, എല്ലാ കോളേജുകളിലും സർവകലാശാലകളിലും തുല്യാവസര കേന്ദ്രങ്ങൾ തുടങ്ങണം. പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടിയുള്ള നയപരിപാടികൾ കാമ്പസിൽ കൃത്യമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനും വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകാനുമാണ് ഈ കേന്ദ്രങ്ങൾ.

പ്രാദേശിക പൗരസമൂഹം, പോലീസ്, മാധ്യമങ്ങൾ, ജില്ലാ ഭരണകൂടം, ജീവനക്കാർ, രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചുവേണം പ്രവർത്തിക്കാൻ. സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് മുതിർന്ന ഒരധ്യാപകനെ കേന്ദ്രത്തിന്റെ കോഡിനേറ്ററായി നിയമിക്കണം. ഒബിസി, എസ്‌സി, എസ്ടി, വനിത, ഭിന്നശേഷി പ്രാതിനിധ്യമുണ്ടായിരിക്കണം. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്ഥാപനമേധാവി തുല്യതാ സമിതിയുണ്ടാക്കണം. വിവേചനങ്ങളുണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷണിക്കുന്നതിനായി തുല്യതാ സ്ക്വാഡുകൾ രൂപവത്കരിക്കണം. വിദ്യാർഥികൾക്ക് പരാതികളറിയിക്കാൻ ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കണമെന്നും യുജിസി വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഒരു കോളേജിൽ അഞ്ച് അധ്യാപകരെങ്കിലും ഇല്ലെങ്കിൽ അവിടെ സർവകലാശാലയുടെ തുല്യാവസര കേന്ദ്രത്തിനായിരിക്കും ഉത്തരവാദിത്വമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ജാതിവിവേചനംനേരിട്ട് ജീവനൊടുക്കിയ രോഹിത് വെമുല, പായൽ താഡ്‌വി എന്നീ വിദ്യാർഥികളുടെ മരണത്തിനു പിന്നാലെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.

Content Highlights: UGC has issued new guidelines to eliminate caste discrimination in higher education institutions across India. All colleges must now establish Equal Opportunity Cells and round-the-clock helplines to ensure equity and student safety.