കല്പിതപദവി എളുപ്പമാക്കി യു.ജി.സി; ഉന്നതവിദ്യാഭ്യാസത്തിൽ ആശങ്കപ്പെട്ട് കേരളം

തിരുവനന്തപുരം: എയ്ഡഡ്, സ്വാശ്രയ കോളേജുകൾക്ക് കല്പിത (ഡീംഡ്) സർവകലാശാലകളാവാൻ വഴി എളുപ്പമാക്കി പുതിയ യു.ജി.സി. മാർഗരേഖ വന്നതോടെ, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖല ആശങ്കയിൽ. ഇനി ഏതു കോളേജിനും സംസ്ഥാന സർക്കാരിന്റെ എതിർപ്പില്ലാരേഖ (എൻ.ഒ.സി.) വാങ്ങി കല്പിതസർവകലാശാലയാവാം. ഓഫ് കാമ്പസുകൾ തുടങ്ങാനും തടസ്സമില്ല. ഇങ്ങനെ, അഫിലിയേറ്റഡ് കോളേജുകൾ ഭാവിയിൽ ഇല്ലാതാവുമെന്നതാണ് പൊതുസർവകലാശാലകൾ നേരിടുന്ന ഭീഷണി.
കല്പിതസർവകലാശാലയിൽ വിദ്യാർഥിപ്രവേശനം, ഫീസ് നിർണയം, സിലബസ്, കോഴ്‌സുകൾ, ബിരുദദാനം, അധ്യാപകനിയമനം തുടങ്ങിയവയിൽ മാനേജ്‌മെന്റിനാണ് അധികാരം. ഇതിനു യു.ജി.സി. മാർഗരേഖ പാലിച്ചാൽ മതി. ഇങ്ങനെ, കല്പിതസർവകലാശാലയുടെ നിയന്ത്രണം യു.ജി.സി. വഴി പൂർണമായി കേന്ദ്രസർക്കാരിന്റെ കൈയിലാവും.
നിലവിലെ ഒരു എയ്ഡഡ് കോളേജ് കല്പിതസർവകലാശാലയായി മാറിയാലും ശമ്പളച്ചെലവും പെൻഷനും സംസ്ഥാന സർക്കാർ തുടരണം. ഫലത്തിൽ, ഈ സർവകലാശാലകളിലെ സാമ്പത്തികഭാരം വഹിക്കേണ്ടിവരുമെന്നതൊഴിച്ചാൽ സർക്കാരിനു മറ്റുചുമതലകളൊന്നുമില്ല. എൻ.ഒ.സി. നൽകാൻ എന്തെങ്കിലും വ്യവസ്ഥ വെക്കാമെന്നതുമാത്രമാണ് ഏകവഴി.
ഉന്നതവിദ്യാഭ്യാസപരിഷ്കാരത്തിന് രണ്ടാം പിണറായി സർക്കാർ നിയോഗിച്ച ശ്യാം ബി. മേനോൻ കമ്മിഷൻ സംസ്ഥാനത്ത് കല്പിതസർവകലാശാലയ്ക്കു പകരം, സ്വകാര്യ സർവകലാശാല മതിയെന്ന് ശുപാർശചെയ്തിരുന്നു. അതനുസരിച്ച്, സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ അംഗീകരിച്ചിട്ടില്ല. മാർ ഇവാനിയോസ് കോളേജും രാജഗിരി കോളേജും കല്പിതപദവിക്ക് സമീപിച്ചെങ്കിലും സർക്കാർ എൻ.ഒ.സി. നൽകാതിരുന്നത് ശമ്പളബാധ്യതയുടെ പേരിലായിരുന്നു.
ഇതിനിടെയാണ്, വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കിയുള്ള യു.ജി.സി. മാർഗരേഖ. മാനേജ്‌മെന്റുകൾ കാര്യമായി ശ്രമിച്ചാൽ, സംസ്ഥാനത്തെ 170-ലേറെ എയ്ഡഡ് കോളേജുകളുടെ നിയന്ത്രണം സർക്കാരിനും സർവകലാശാലകൾക്കും നഷ്ടമാവുമെന്നതാണ് ഭീഷണി.
പ്രധാന വ്യവസ്ഥകൾ
- 2023-ലെ മാർഗരേഖയനുസരിച്ച്, കല്പിതസർവകലാശാലയാവാൻ ഒരു കോളേജിന് മൂന്നുതവണ എ ഗ്രേഡ് സഹിതമുള്ള നാക് അക്രെഡിറ്റേഷൻ നേടണം. അതായത് 15 വർഷത്തെ അക്രെഡിറ്റേഷൻ.
- പുതിയ മാർഗരേഖയിൽ അക്രെഡിറ്റേഷൻ മാത്രം മതി. ഏതു കോളേജിനും ഒരു കല്പിതസർവകലാശാലയുടെ ഓഫ് കാമ്പസായി മാറാം.
- സ്വാശ്രയ കോളേജുകൾക്ക് ഒന്നുകിൽ കല്പിതസർവകലാശാലയാവാം. അല്ലെങ്കിൽ ഓഫ് കാമ്പസായി മാറാം.
വെല്ലുവിളി
- സർക്കാർ എൻ.ഒ.സി. നൽകിയെങ്കിലേ കോളേജുകൾക്ക് കല്പിതസർവകലാശാലയാവാൻ സാധിക്കൂ. മാനേജ്‌മെന്റുകളുടെ സമ്മർദത്തിനു വഴങ്ങിയാലും ശമ്പളത്തിന്റെ സാമ്പത്തികഭാരത്തിൽനിന്ന് സർക്കാരിന് ഒഴിയാനാവില്ല.
- നിശ്ചിതസീറ്റിൽ സർക്കാർഫീസെന്ന കരാറുണ്ടാക്കി എൻ.ഒ.സി. നൽകിയാലും ഭാവിയിൽ തർക്കമുണ്ടായി മാനേജ്‌മെന്റുകൾ കോടതിയിൽ പോയാൽ അസാധുവാകും. യു.ജി.സി. മാർഗരേഖ മാത്രമേ നിയമപരമായി നിലനിൽക്കൂ.
- ഒരു കോളേജ് കല്പിതസർവകലാശാലയാക്കി മറ്റുകോളേജുകളെ ഓഫ് കാമ്പസുകളാക്കാൻ കോർപ്പറേറ്റ് മാനേജ്‌മെന്റുകൾക്കാവും. ഇതു പൊതുസർവകലാശാലകൾക്ക് ഭീഷണിയാവും.
Content Highlights: The University Grants Commission (UGC) has simplified the norms for colleges to attain 'Deemed-to-be-University' status. While this empowers managements in areas like admissions and fees, it poses a massive threat to Kerala's public university system and places a heavy financial burden on the state government for staff salaries.