ഹെല്‍ത്ത് കെയര്‍, അനുബന്ധ കോഴ്‌സുകള്‍ ഒഡിഎല്‍/ ഓണ്‍ലൈന്‍ നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തി യുജിസി

Representative Image | Photo: Getty Images
Representative Image | Photo: Getty Images

സൈക്കോളജി, ഹെല്‍ത്ത് കെയര്‍, അനുബന്ധ കോഴ്‌സുകള്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിംഗ് (ഒഡിഎല്‍) വഴിയോ ഓണ്‍ലൈന്‍ ആയോ നല്‍കുന്നതില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുജിസി. പുതിയ നിര്‍ദ്ദേശം 2025 ജൂലൈ-ഓഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. പ്രൊഫഷണല്‍, പ്രാക്ടീസ് അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ഗുണനിലവാരം നിലനിര്‍ത്താനാണ് ഈ നടപടി. 

2025 അധ്യയന വര്‍ഷം മുതലുള്ള കാലയളവില്‍, ഈ പ്രോഗ്രാമുകള്‍ ഒഡിഎല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ മോഡില്‍ നല്‍കുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

'2025 ജൂലൈ-ഓഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍, NCAHP ആക്ട്, 2021-ല്‍ ഉള്‍പ്പെടുന്ന സൈക്കോളജി ഉള്‍പ്പെടെയുള്ള ഏതെങ്കിലും അലൈഡ്, ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമുകള്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്, ഓണ്‍ലൈന്‍ മോഡില്‍ നല്‍കാന്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെയും  അനുവദിക്കില്ല. ഇത്തരം പ്രോഗ്രാമുകള്‍ നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ള  അംഗീകാരം യുജിസി പിന്‍വലിക്കും'- യുജിസി സെക്രട്ടറി മനീഷ് ജോഷി വ്യക്തമാക്കി.

ഒന്നിലധികം സ്‌പെഷ്യലൈസേഷനുകളുള്ള ഡിഗ്രി പ്രോഗ്രാമുകളില്‍, NCAHP നിയമത്തിന് കീഴില്‍ വരുന്ന സ്‌പെഷ്യലൈസേഷനുകള്‍ മാത്രം നീക്കം ചെയ്യും.

തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍

2025 ഏപ്രിലില്‍ നടന്ന 24-ാമത് ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശകളെ തുടര്‍ന്നാണ് ഈ തീരുമാനം . അടുത്തിടെ നടന്ന യുജിസി കമ്മീഷന്‍ യോഗത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി.

വിദൂര രീതികളിലൂടെ നല്‍കുന്ന പ്രൊഫഷണല്‍ പരിശീലനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് റെഗുലേറ്റര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. പ്രായോഗിക പഠനവും പ്രൊഫഷണല്‍ എക്‌സ്‌പോഷറും ആവശ്യമുള്ള കോഴ്‌സുകള്‍ ഓണ്‍ലൈനിലോ വിദൂര പഠനത്തിലൂടെയോ ഫലപ്രദമായി പഠിപ്പിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

ഇതിനകം നിരോധിക്കപ്പെട്ട മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍

നിരവധി പ്രൊഫഷണല്‍, പ്രാക്ടീസ് അധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഒഡിഎല്‍, ഓണ്‍ലൈന്‍ ഫോര്‍മാറ്റുകളില്‍ യുജിസി ഇതിനകം തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്‌സിങ്, ഫിസിയോതെറാപ്പി, ആര്‍ക്കിടെക്ചര്‍, അപ്ലൈഡ് ആര്‍ട്‌സ്, പാരാമെഡിക്കല്‍ സയന്‍സസ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, കാറ്ററിംഗ് ടെക്‌നോളജി, വിഷ്വല്‍ ആര്‍ട്‌സ്, നിയമം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: UGC restricts online/ODL psychology, healthcare courses from July-August 2025 for quality maintenanc