ഡിസൈൻ പഠനത്തിന് യുസീഡ്, സീഡ് 2027; യോഗ്യതയും പരീക്ഷാരീതിയും അപേക്ഷിക്കേണ്ട വിധവുമറിയാം

പ്ലസ്ടുക്കാർക്ക് ബി.ഡിസ്. (ബാച്ച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് യുസീഡ് (അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ), ബിരുദധാരികൾക്ക് എം.ഡിസ്. (മാസ്റ്റർ ഓഫ് ഡിസൈൻ), പിഎച്ച്.ഡി. ഇൻ ഡിസൈൻ പ്രവേശനത്തിന് സീഡ് (കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ) പരീക്ഷകൾക്ക് ഇപ്പോൾ രജിസ്റ്റർചെയ്യാം. ഉത്പന്നങ്ങളും ആപ്പുകളും അനിമേഷനും വാഹനങ്ങളും വരെ രൂപകല്പനചെയ്യുന്ന കരിയറിലേക്കുള്ള പ്രധാന വാതിലുകളാണ് ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബോംബെ നടത്തുന്ന ഈ പരീക്ഷകൾ. വരയ്ക്കാനുള്ള കഴിവിനൊപ്പം നിരീക്ഷണവും യുക്തിചിന്തയും സർഗാത്മകതയും അളക്കുന്ന അഭിരുചി പരീക്ഷകളാണ്.
യോഗ്യത, പരീക്ഷ
യുസീഡ്: പ്ലസ്ടു 2026-ൽ ജയിച്ചവർ/2027-ൽ എഴുതുന്നവർ. ഏത് സ്ട്രീം എടുത്തവർക്കും അപേക്ഷിക്കാം. 2002 ഒക്ടോബർ ഒന്നിനോ ശേഷമോ ജനിച്ചവർ (എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. -1997). പരമാവധി രണ്ടുതവണ പരീക്ഷ എഴുതാം.
പരീക്ഷ: പാർട്ട് എ (കംപ്യൂട്ടർ) -200 മാർക്ക്, രണ്ടുമണിക്കൂർ. പാർട്ട് ബി (വര/എഴുത്ത്) -100 മാർക്ക്, ഒരു മണിക്കൂർ, രണ്ട് ചോദ്യം. ഫലം -മാർച്ച് ആറ്. ഫലം ഉപയോഗിച്ച് പ്രവേശനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
സീഡ്: മൂന്നുവർഷ ബിരുദം/ഡിപ്ലോമ (2027 ജൂലായ്ക്കകം പൂർത്തിയാക്കുന്നവർക്കും). പത്താം ക്ലാസിനുശേഷമുള്ള അഞ്ചുവർഷ ജി.ഡി. ആർട്ട് ഡിപ്ലോമയും. പ്രായപരിധിയില്ല. എത്രതവണയും പരീക്ഷ എഴുതാം.
പരീക്ഷ: പാർട്ട് എ (കംപ്യൂട്ടർ) -150 മാർക്ക്, ഒരുമണിക്കൂർ. പാർട്ടി ബി (വര/എഴുത്ത്) -100 മാർക്ക് രണ്ട് മണിക്കൂർ, അഞ്ച് ചോദ്യം. ഫലം മാർച്ച് മൂന്ന്.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. മൂന്ന് നഗരങ്ങൾ മുൻഗണനാക്രമത്തിൽ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ഇവ മാറ്റാനാവില്ല. ഉത്തരസൂചിക സഹിതം മുൻവർഷ ചോദ്യപ്പേപ്പറുകൾ വെബ്സൈറ്റിൽ ലഭിക്കും. രണ്ട് പരീക്ഷകളും 2027 ജനുവരി 17-ന്.
പ്രോഗ്രാം, പ്രവേശന സ്ഥാപനങ്ങൾ
ബി.ഡിസ്:. ഐ.ഐ.ടി.കൾ (ബോംബെ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, റൂർക്കി), ഐ.ഐ.ഐ.ടി.ഡി.എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്) ജബൽപുർ എന്നിവിടങ്ങളിലാണ് പ്രവേശനം.
ഫിസിക്സ്, കെമിസ്ട്രി, ഗണിതം പഠിച്ചവർക്ക് ഏഴിടത്തും അപേക്ഷിക്കാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഉൾപ്പെടെ മറ്റ് സ്ട്രീമുകാർക്ക് ബോംബെ, ഡൽഹി, ഹൈദരാബാദ്, ഇന്ദോർ എന്നിവിടങ്ങളിൽ അവസരമുണ്ട്. യുസീഡ് സ്കോർ സ്വീകരിക്കുന്ന സ്വകാര്യ സർവകലാശാലകളുമുണ്ട്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
എം.ഡിസ്.: ഐ.ഐ.എസ്‌സി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ബെംഗളൂരു, ഐ.ഐ.ടി.കൾ (ബോംബൈ, ഡൽഹി, ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ജോധ്‌പുർ, കാൻപുർ, റൂർഖി, ജബർപുർ), ഐ.ഐ.ഐ.ടി.ഡി.എം. കാഞ്ചീപുരം എന്നിവിടങ്ങളിൽ എം.ഡിസിന് അപേക്ഷിക്കാം. സീഡ് സ്കോറിനുപുറമേ ചില സ്ഥാപനങ്ങൾ ടെസ്റ്റ്/ഇന്റർവ്യൂ നടത്തും.
അപേക്ഷ
www.uceed.iitb.ac.in | www.ceed.iitb.ac.in വഴി അതത് പരീക്ഷകൾക്ക് ഒക്ടോബർ 31 വരെ പിഴയില്ലാതെ അപേക്ഷിക്കാം. വനിതകൾക്കും എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്കും 2000 രൂപ. മറ്റുള്ളവർക്ക് 4000 രൂപ. 500 രൂപ പിഴയോടെ നവംബർ ആറിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് -ജനുവരി ഒന്ന്.