ഉന്നതവിദ്യാഭ്യാസത്തിന് പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്രസഹായം

കേന്ദ്ര സർക്കാർ പട്ടികവർഗ (എസ്.ടി.) വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷന്റെ ടോപ് ക്ലാസ് നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഗവേഷണത്തിനുള്ള ഫെലോഷിപ്പ് ഇതിൽനിന്ന് വ്യത്യസ്തമാണ്. പ്രമുഖ സ്ഥാപനങ്ങളിൽ യു.ജി., പി.ജി. കോഴ്സുകൾക്ക് മെറിറ്റിൽ പ്രവേശനം നേടിയ എസ്.ടി. വിദ്യാർഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി കോഴ്സ് തീരുംവരെ പഠനച്ചെലവുകളും മറ്റാനുകൂല്യങ്ങളും ലഭിക്കും.
ആർക്ക് അപേക്ഷിക്കാം
പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലെ (പി.വി.ടി.ജി.) വിദ്യാർഥികളും ഇതിൽ ഉൾപ്പെടും. കുടുംബത്തിന്റെ മൊത്തം വാർഷികവരുമാനം ആറുലക്ഷം രൂപയിൽ കവിയരുത്. വിദ്യാർഥിയുടെ അച്ഛന്റെയും അമ്മയുടെയും എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനമാണ് പരിഗണിക്കുക. വിവാഹിതരെങ്കിൽ പങ്കാളിയുടെയും വരുമാനം പരിഗണിക്കും.
വ്യക്തികളാൽ ദത്തെടുക്കപ്പെട്ട/സ്പോൺസർ ചെയ്യപ്പെട്ട അനാഥർക്ക് വരുമാനപരിധി ബാധകമല്ല. പ്രൈവറ്റ് സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും സ്കോളർഷിപ്പ് ലഭിക്കില്ല. ഇതേ പഠനത്തിന് കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റൊരു സ്കോളർഷിപ്പ് വാങ്ങാൻ പാടില്ല; ഈ സ്കോളർഷിപ്പ് വാങ്ങുന്ന വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പും ലഭിക്കില്ല.
സ്കോളർഷിപ്പ്
നാലു ഘടകങ്ങളിലായാണ് സഹായം. സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് ട്യൂഷൻ, അഡ്മിഷൻ ഫീസ് എന്നിവ പൂർണമായി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പ്രതിവർഷം പരമാവധി 2.5 ലക്ഷം രൂപ. പുസ്തകം, സ്റ്റേഷനറി ഇനത്തിൽ പ്രതിവർഷം 5,000 രൂപ ലഭിക്കും. ബില്ല് ഹാജരാക്കേണ്ടതില്ല. സ്റ്റൈെപ്പൻഡ് പ്രതിമാസം 3,000 രൂപ ആണ്. കംപ്യൂട്ടർ വാങ്ങാൻ കോഴ്സ് കാലയളവിൽ ഒരിക്കൽ 45,000 രൂപ കിട്ടും. ഇതിനും ബില്ല് വേണ്ടാ. കോഴ്സ് പൂർത്തിയാകുംവരെ, സ്ഥാപനം സാക്ഷ്യപ്പെടുത്തുന്ന തൃപ്തികരമായ പ്രകടനത്തിന് വിധേയമായി സ്കോളർഷിപ്പ് തുടരും. തുക ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കിട്ടും.
അപേക്ഷ
scholarships.gov.in വഴി ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
മാർഗരേഖയും സ്ഥാപനപ്പട്ടികയും: tribal.nic.in/Scholarship.aspx