‘ടീച്ചർമാർക്കും യൂണിഫോം ഇട്ടൂടേ?’, അങ്ങനെ പ്രിയടീച്ചറെത്തി 'സ്കൂൾകുട്ടിയായി'

‘‘ടീച്ചർമാർക്കും യൂണിഫോം ഇട്ടൂടേ?’’- മൂന്നാം ക്ലാസുകാരിയുടെ ചോദ്യം അധ്യാപികയായ പ്രിയയെ ചിന്തിപ്പിച്ചു. അതിനുത്തരമായി കുട്ടികളുടെ അതേ യൂണിഫോംതുണിയിൽ ചുരിദാർ തുന്നിയിട്ട് അവർ സ്കൂളിലെത്തി. കൊപ്പം തെക്കുമല എഎൽപി സ്കൂളിലെ അധ്യാപിക പ്രിയ എസ്.മേനോൻ ഒരുവർഷമായി കുട്ടികളുടെ അതേ യൂണിഫോമിലാണ് സ്കൂളിലെത്തുന്നത്.
ആഴ്ചയിൽ നാലുദിവസവും യൂണിഫോമും ഒരുദിവസം കളർഡ്രസും -ടീച്ചറും കുട്ടികളുടെ പാത പിന്തുടരുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കൊപ്പം അധ്യാപകരും യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കേ, ഇത് പ്രാവർത്തികമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രിയ പറയുന്നു.
കഴിഞ്ഞ അധ്യയനവർഷം പുതിയ യൂണിഫോമിലാണ് കുട്ടികളെത്തിയത്. നല്ല രസമുണ്ടല്ലോ എന്നുപറഞ്ഞപ്പോഴുള്ള മറുചോദ്യമായിരുന്നു ടീച്ചർമാർക്കും ഈ യൂണിഫോം ധരിച്ചുകൂടേയെന്ന്. ടീച്ചറുടെ തീരുമാനത്തിന് അഭിനന്ദനവും പരിഹാസവും ഒരുപോലെ കിട്ടി. 2006-08ൽ കുട്ടികൾ നിലത്തിരുന്ന് ഭക്ഷണംകഴിക്കുന്ന വേളയിൽ ചെരിപ്പ് ഊരിയിട്ട് ഭക്ഷണംവിളമ്പി ടീച്ചർ മാറ്റത്തിന് തുടക്കംകുറിച്ചിരുന്നു. പിന്നിടത് വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലറായി വന്നു.
സ്കൂളിൽ പുതിയകെട്ടിടം നിർമിച്ചപ്പോൾ കഴിഞ്ഞ അധ്യയനവർഷം ക്ലാസ് ചുമരുകളിൽ വർണച്ചിത്രങ്ങളൊരുക്കിയാണ് ടീച്ചർ കുട്ടികളെ വരവേറ്റത്. എല്ലാവർഷവും തന്റെ ക്ലാസിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളുടെ അനുമതിയോടെ വീട്ടിൽ ക്കൊണ്ടുവന്ന് സന്തോഷം പങ്കിടാറുമുണ്ട്.
Content Highlights: An inspiring teacher wears the same uniform as her students, sparking conversations and positive change in schools