തമിഴ്നാട്ടിൽ മലയാളത്തിന് പുതുജീവൻ: വീണ്ടും അധ്യാപക നിയമനം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ കോളേജുകളിൽ വർഷങ്ങൾക്കുശേഷം മലയാളം അധ്യാപകരുടെ ഒഴിവുകൾ നികത്താൻ സർക്കാർ നടപടികൾ തുടങ്ങി. തമിഴ്‌നാട് ടീച്ചർ റിക്രൂട്ട്‌മെന്റ്‌ ബോർഡ് (ടി.ആർ.ബി.) വഴി മദ്രാസ് പ്രസിഡൻസി കോളേജിൽ ഒരു അധ്യാപക ഒഴിവിലേക്ക് എഴുത്തുപരീക്ഷ നടത്തി. ഇതിൽ ആറുപേരെ ഷോർട്ട് ലിസ്റ്റ് ചെയ്തു. ഒരാൾക്ക് വൈകാതെ നിയമന ഉത്തരവ് ലഭിച്ചേക്കും.

ബി.എ. മലയാളം ഐച്ഛികവിഷയമായി നിലനിന്നിരുന്ന പ്രസിഡൻസി കോളേജിൽ മൊത്തം മൂന്ന് അധ്യാപകരുടെ ഒഴിവുണ്ടെന്ന് വെബ്‌സൈറ്റിൽ കാണിക്കുന്നുണ്ട്. 1863-ൽ സ്ഥാപിതമായ മദ്രാസ് പ്രസിഡൻസി കോളേജ് ലോകത്തിലെ ആദ്യത്തെ മലയാള ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണെന്നതും ശ്രദ്ധേയമാണ്. ഗവ. ആർട്‌സ് കോളേജ് ഊട്ടി, ഗവ. ആർട്‌സ് കോളേജ് കോയമ്പത്തൂർ, ഗവ. ആർട്‌സ് കോളേജ് കന്യാകുമാരി, മലയാളം എം.എ. കോഴ്‌സും ഗവേഷണപഠനത്തിനുള്ള സൗകര്യവുമുള്ള മദ്രാസ് സർവകലാശാല മലയാളം വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലും മലയാളം അധ്യാപകരുടെ ഒഴിവുകൾ നികത്തപ്പെടേണ്ടതുണ്ട്. എത്രയും വേഗം മലയാളം അധ്യാപകരുടെ നിയമനം പൂർത്തിയാക്കാൻ കേരള സർക്കാർ തമിഴ്‌നാട്ടിൽ സമ്മർദം ചെലുത്തുന്നത് മലയാളം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മാതൃഭാഷയ്ക്കും ഏറെ ഗുണകരമാവും. ഊട്ടി, കോയമ്പത്തൂർ, കന്യാകുമാരി ഗവ. ആർട്‌സ് കോളേജുകളിൽ നാലുവർഷം മുൻപുവരെ സ്ഥിര അധ്യാപക തസ്തികകൾ ഉണ്ടായതായും നിലവിൽ അത് ഗസ്റ്റ് അധ്യാപകരാൽ തുടർന്ന് പോവുകയാണെന്നുമാണറിയുന്നത്.

1927-ൽ സ്ഥാപിതമായി നൂറാം വർഷത്തിലേക്കു കടക്കുന്ന മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ അഞ്ച് അധ്യാപകരുടെ ഒഴിവുകളുണ്ടെങ്കിലും ഇപ്പോൾ രണ്ട് അധ്യാപകർ മാത്രമാണ് ഉള്ളത്. ഇവിടെ മലയാളം എം.എ. യ്ക്ക് അഞ്ചു സീറ്റുള്ളത് പ്രത്യേക അനുമതിവഴി പത്ത് ആക്കാറുണ്ട്. ഈ വർഷം 12 വിദ്യാർഥികൾ ചേർന്നിട്ടുണ്ട്. കൂടാതെ, പിച്ച്.ഡി.ക്ക് 12 പേരും. അന്യനാട്ടിൽ ഒരു മലയാളം വകുപ്പ് നൂറുവർഷം നിൽക്കുന്നതുതന്നെ അതിന്റെ കാര്യക്ഷമതയെ കാണിക്കുന്നെന്ന് വകുപ്പ് മേധാവി ഡോ. പി.എം. ഗിരീഷ് പറഞ്ഞു.

Content Highlights: Tamil Nadu Teacher Recruitment Board (TRB) begins filling Malayalam faculty positions., Madras Presidency College shortlists candidates for Malayalam teacher recruitment., Critical vacancies exist in Ooty, Coimbatore, and Kanyakumari Government Arts Colleges., Madras University Malayalam department approaches its centenary year with urgent staffing needs., Advocacy for permanent faculty to replace guest lecturers in key institutions.