ഹോസ്റ്റൽ ഭക്ഷണ അലവൻസ് വർദ്ധിപ്പിച്ച് തമിഴ്നാട് സർക്കാർ

തമിഴ്നാട്ടിൽ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർഥികളുടെ പ്രതിമാസ ഭക്ഷണ അലവൻസ് സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. പിന്നാക്ക, ഏറ്റവും പിന്നാക്ക, ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കാണ് പ്രയോജനം ലഭിക്കുക. പരിഷ്കരിച്ച നിരക്ക് പ്രകാരം സ്കൂൾ വിദ്യാർഥികൾക്ക് ഇനി പ്രതിമാസം 1,800 രൂപ ലഭിക്കും (മുമ്പ് ഇത് 1,400 രൂപയായിരുന്നു). കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം 2,000 രൂപയും ലഭിക്കും (മുമ്പ് ഇത് 1,500 രൂപയായിരുന്നു).
സ്കൂൾ വിദ്യാർത്ഥികളുടെ അലവൻസിൽ 400 രൂപയുടെയും കോളേജ് വിദ്യാർഥികളുടേതിൽ 500 രൂപയുടെയും വർധനയാണ് വരുത്തിയിട്ടുള്ളത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1,363 ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. സാമ്പത്തിക പ്രയാസങ്ങൾ കാരണം വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഹോസ്റ്റലുകൾ വഴി സൗജന്യ താമസവും ദിവസവും മൂന്ന് നേരത്തെ ഭക്ഷണവും നൽകുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾ, പാചക എണ്ണ, പലവ്യഞ്ജനങ്ങൾ, പാൽ, ഇറച്ചി, മുട്ട, പച്ചക്കറികൾ, പാചകവാതകം എന്നിവയുടെ വിലവർധന കണക്കിലെടുത്താണ് ഭക്ഷണ അലവൻസ് ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 19.51 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്. അക്കാദമിക് വർഷത്തിലെ 10 മാസത്തേക്കാണ് അലവൻസ് തുക നൽകുന്നത്.
മുൻപ് അനുവദിച്ചിരുന്ന തുക പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമായിരുന്നു എന്ന ഹോസ്റ്റൽ വാർഡന്മാരുടെ പരാതിക്കും ഇതോടെ പരിഹാരമാകും.
2017 ജൂണിൽ സ്കൂൾ വിദ്യാർഥികൾക്ക് 900 രൂപയും കോളേജ് വിദ്യാർഥികൾക്ക് 1,000 രൂപയുമായി ഉയർത്തിയ അലവൻസ്, 2023 ഒക്ടോബറിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യഥാക്രമം 1,400 രൂപയും 1,500 രൂപയുമായി വർദ്ധിപ്പിച്ചിരുന്നു.
Content Highlights: Monthly food allowance increased for government hostel students in Tamil Nadu