‘നീതി ഏകപക്ഷീയമല്ല’;വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കണമെന്ന ഹർജികേന്ദ്രത്തിന് വിട്ട് സുപ്രീംകോടതി

#Education desk
Photo: PTI
Photo: PTI

ന്യൂഡൽഹി: 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിയന്ത്രിക്കണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശം. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് സ്വീകരിച്ചത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. ഹർജിക്കാരൻ ഫെബ്രുവരി 4-ന് നൽകിയ നിവേദനം കേന്ദ്ര സർക്കാർ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ഹർജിയിൽ വാദം തുടരാൻ ഹർജിക്കാരൻ ശ്രമിച്ചപ്പോൾ, തങ്ങൾ അല്പം പരമ്പരാഗതമായ രീതി പിന്തുടരുന്ന ജഡ്ജിമാരാണെന്നും എടുത്തുചാടി തീരുമാനങ്ങൾ എടുക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. നീതി എന്നത് ഒരു ഏകപക്ഷീയമായ വഴിയല്ലെന്നും അതിൽ ഭരണകൂടത്തിനും വ്യക്തമായ പങ്കുണ്ട് എന്നും കോടതി നിരീക്ഷിച്ചു.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ:

  • ഭരണഘടനയുടെ 21A, 39(f), 45, 51-A(k) എന്നീ അനുച്ഛേദങ്ങളുടെ അന്തസ്സത്ത ഉൾക്കൊണ്ട് 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യുകയും നിരീക്ഷിക്കുകയും വേണം.

  • ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 30, പൗരന്മാരുടെ പൊതുവായ അവകാശങ്ങൾക്ക് (ആർട്ടിക്കിൾ 19(1)(g)) അപ്പുറം അധിക ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് പ്രഖ്യാപിക്കണം.

  • അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ വഴി കുട്ടികൾ തെറ്റായ രീതിയിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്തർപ്രദേശ് അതിർത്തി ജില്ലകളിൽ ഇത്തരത്തിൽ നിരവധി അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ആരോപിച്ചു. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിയന്ത്രണങ്ങളില്ലാതെ ഇത്തരം സ്ഥാപനങ്ങൾ വർധിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Supreme Court directs Centre to review plea on regulating all educational institutions for children under 14., Justices Dipankar Datta and Satish Chandra Sharma presided over the bench.