ഡോക്ടറാവുകയെന്ന സ്വപ്നം യാഥാർഥ്യമാകും; പ്രയാസങ്ങളോട് പൊരുതിനേടിയ ആര്യയുടെ വിജയം

സുൽത്താൻബത്തേരി: പ്രതിസന്ധികൾ മറികടന്ന് നൂൽപ്പുഴയിലെ പണിയവിഭാഗത്തിൽനിന്നുള്ള ആര്യ ഡോക്ടറാകും. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എംബിബിഎസിന് പഠിക്കാനായി ആര്യ നാട്ടിൽനിന്ന് പുറപ്പെട്ടു. പഠനമികവിനൊപ്പം പ്രയാസങ്ങളോട് പൊരുതിനേടിയ വിജയമാണിത്. നെന്മേനി പഞ്ചായത്തിലെ ചീരാൽ താഴത്തൂർ പുളിഞ്ഞാൽ ഉന്നതിയിലെ കൂലിപ്പണിക്കാരനായ വേലായുധന്റെയും തൊഴിലുറപ്പുതൊഴിലാളിയായ ആശയുടെയും മൂത്തമകളാണ് ആര്യ.
ഇപ്പോൾ പാലക്കാട് കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രവേശനം കിട്ടിയത്. ഏറെവൈകാതെ മൂന്നാം അലോട്‌മെന്റിൽ സർക്കാർ മെഡിക്കൽ കോളജിൽത്തന്നെ പ്രവേശനം ലഭിക്കുമെന്ന് കരുതുന്നു. ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽനിന്ന് 83 ശതമാനം മാർക്കുവാങ്ങിയാണ് 2023-ൽ ആര്യ പ്ലസ്ടു സയൻസ് ജയിച്ചത്. ആദിവാസി ഗോത്രമഹാസഭ നേതാവായ എം. ഗീതാനന്ദൻ മുൻകൈയെടുത്ത് തുടർന്നുള്ള പഠനം. അങ്ങനെ എറണാകുളത്ത് നീറ്റ് പരീക്ഷാ പരിശീലനത്തിന് അവസരംകിട്ടി.
കമ്യൂണിറ്റി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ 68-ാം റാങ്ക് നേടുകയുംചെയ്തു. ഇതോടെയാണ് ഡോക്ടറാവുകയെന്ന സ്വപ്നം യാഥാർഥ്യമാകാൻ സാധ്യതതെളിഞ്ഞത്.
കോഴിക്കോട് ദേവഗിരി കോളജിൽ പ്രീഡിഗ്രിക്കുപഠിച്ചിരുന്ന ആര്യയുടെ പിതാവ് വേലായുധന് പലകാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻകഴിഞ്ഞില്ല. എന്നാൽ, മക്കളെ നല്ലനിലയിലെത്തിക്കണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പ്ലസ്ടു വിദ്യാർഥിയായ അമൃതയാണ് സഹോദരി.
Content Highlights: Arya from Sultan Bathery`s Paniyar community defies odds to pursue MBBS