NCERT സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം: 19 അംഗ സമിതിയില്‍ സുധാമൂര്‍ത്തിയും ശങ്കര്‍മഹാദേവനും

ന്യൂഡൽഹി: മൂന്നുമുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളുടെ ഉള്ളടക്കവും പരിഷ്കരിക്കാൻ എൻ.സി.ഇ.ആർ.ടി. 19 അംഗ സമിതിക്ക് രൂപം നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ.ഇ.പി.എ.) ചാൻസലർ എം.സി. പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ എഴുത്തുകാരിയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർമാനുമായ സുധാമൂർത്തി, സംഗീതജ്ഞൻ ശങ്കർ മഹാദേവൻ, സാമ്പത്തികവിദഗ്ധനും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗവുമായ സഞ്ജീവ് സന്യാൽ തുടങ്ങിയവർ അംഗങ്ങളാണ്.
നാഷണൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിങ് മെറ്റീരിയൽ (എൻ.എസ്.ടി.സി.) എന്നാണ് സമിതിയുടെ പേര്. ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കി കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി വികസിപ്പിച്ച സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിനെ അടിസ്ഥാനമാക്കിയാകും സമിതിയുടെ പ്രവർത്തനം. ചട്ടക്കൂടിന്റെ കരട് ഏപ്രിലിൽ പുറത്തിറക്കിയിരുന്നു.
പ്രിൻസ്റ്റൺ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ മഞ്ജുൾ ഭാർഗവാണ് സമിതിയുടെ സഹ അധ്യക്ഷൻ. ഗണിതശാസ്ത്രജ്ഞ സുജാത രാംദോരൈ, ബാഡ്മിന്റൺ താരം യു. വിമൽകുമാർ, സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർപേഴ്സൺ എം.ഡി. ശ്രീനിവാസ്, ഭാരതീയ ഭാഷാസമിതി ചെയർപേഴ്സൺ ചാമു കൃഷ്ണശാസ്ത്രി എന്നിവരും അംഗങ്ങളാണ്.
Content Highlights: Sudha Murthy, Shankar Mahadevan in new NCERT panel for content in school textbooks