പഠിച്ചതോ SSLC വരെ, എഴുതിയത് സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ! സുഭാഷ് പയ്യാവൂരിന് ഇത് അഭിമാന നിമിഷം

#കെ. ശരത്ത്
സുഭാഷ് പയ്യാവൂർ സി.ബി.എസ്.ഇ. മൂന്നാം ക്ലാസ് മലയാളം പാഠപുസ്തകവുമായി, സുഭാഷ് പയ്യാവൂർ എഴുതിയ 'നമ്മൾ നല്ല കൂട്ടുകാർ' എന്ന സംഭാഷണപാഠം
സുഭാഷ് പയ്യാവൂർ സി.ബി.എസ്.ഇ. മൂന്നാം ക്ലാസ് മലയാളം പാഠപുസ്തകവുമായി, സുഭാഷ് പയ്യാവൂർ എഴുതിയ 'നമ്മൾ നല്ല കൂട്ടുകാർ' എന്ന സംഭാഷണപാഠം

ശ്രീകണ്ഠപുരം: വെൽഡിങ് ജോലിയുടെ തിരക്കുകൾക്കിടെ എഴുത്തിനെ കൂടെകൂട്ടിയ സുഭാഷ് പയ്യാവൂരിന്റെ രചന ഇനി സി.ബി.എസ്.ഇ. വിദ്യാർഥികൾ പഠിക്കും. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ ഈ അധ്യയനവർഷം പുറത്തിറക്കിയ മധുരം മലയാളം മൂന്നാം ക്ലാസ് പാഠപുസ്തകത്തിലാണ് എസ്.എസ്.എൽ.സി. വരെ മാത്രം പഠിച്ച ഈ നാൽപ്പത്തിയൊന്നുകാരന്റെ രചന ഉൾപ്പെടുത്തിയത്.

ഐക്യവും സ്നേഹവും പരസ്പരധാരണയുമൊക്കെ ഉണ്ടായാൽ മാത്രമേ ജീവിതവിജയം നേടാനാകൂവെന്ന സന്ദേശമാണ് 'നമ്മൾ നല്ല കൂട്ടുകാർ' എന്ന പാഠഭാഗത്തിൽ പറയുന്നത്. ഇക്കാര്യം മനുഷ്യ ശരീരഭാഗങ്ങളായ നാവ്, പല്ല്, കണ്ണ്, വയർ എന്നിവ തമ്മിലുള്ള സംഭാഷണരൂപേണയാണ് പറഞ്ഞിട്ടുള്ളത്.

പാഠപുസ്തത്തിലെ മൂന്നാമത്തെ പാഠഭാഗമായിട്ടാണ് രചന ഉൾപ്പെടുത്തിയത്. പയ്യാവൂർ കാട്ടിക്കണ്ടം സ്വദേശിയായ സുഭാഷിന് ചെറുപ്പം മുതലേ വായന ഹരമായിരുന്നു. പൂപ്പറമ്പ് വായനശാലയിൽനിന്ന് പുസ്തകങ്ങളിലേക്കും എഴുത്തിലേക്കും അടുത്തു. ഓൺലൈൻ മാസികകളിൽ എഴുതിയായിരുന്നു തുടക്കം. പുസ്തകരൂപത്തിൽ ഒന്നും പുറത്തിറങ്ങാത്തതിനാൽ സ്വന്തം നാട്ടിൽ പോലും ആരും അറിഞ്ഞില്ല. 2024-ൽ അഷിത സ്മാരക രചനാമത്സരത്തിലേക്ക് അയച്ച കഥയാണ് സുഭാഷിന്റെ എഴുത്തുജീവിതത്തിൽ വഴിത്തിരിവായത്. 'നക്ഷത്രങ്ങൾ പൊലിയുമ്പോൾ' എന്ന പേരിലുള്ള കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. ആ വർഷത്തെ എസ്.കെ. പൊറ്റെക്കാട്ട് സ്മാരക രചനാമത്സരത്തിലും വിജയിയായി. പിന്നീട് മലയാളത്തിലെ പല മാസികകളിലും രചനകൾ പ്രസിദ്ധീകരിച്ചു. കഥകൾ വായിച്ച സി.ബി.എസ്.ഇ. പാഠപുസ്‌തക കമ്മിറ്റി കോഡിനേറ്റർ ഉണ്ണി അമ്മയമ്പലമാണ് കഴിഞ്ഞവർഷം കുട്ടികൾക്കായി സംഭാഷണപാഠം എഴുതാൻ ആവശ്യപ്പെട്ടത്.

എസ്.എസ്.എൽ.സി. വരെ മാത്രം പഠിച്ച ഞാൻ എഴുതിയത് കുട്ടികൾ പഠിക്കുന്നുവെന്നത് അഭിമാനവും അദ്ഭുതവുമാണെന്ന് സുഭാഷ് പറഞ്ഞു. താനെഴുതിയ കഥകൾ ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഉപ്പേരിയിൽ ബാലന്റെയും പദ്മിനിയുടെയും മകനാണ്. ഭാര്യ: ചിഞ്ചു. മക്കൾ: ആദി സുഭാഷ്, ആദവ് സുഭാഷ്.

Content Highlights: The inspiring literary work of Subhash Payyavur, a 41-year-old welder with only an SSLC education, has been officially included in the CBSE Class 3 Malayalam textbook 'Madhuram Malayalam' for this academic year.