പഠനമികവിനുള്ള സ്കോളർഷിപ്പ്, അഞ്ചുവർഷമായി കാത്തിരിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കി

#സ്വന്തം ലേഖകൻ
AI Image created by mathrubhumi.com
AI Image created by mathrubhumi.com

രാമനാട്ടുകര: പഠനമികവിനുള്ള സ്കോളർഷിപ്പിന് അപേക്ഷിച്ച് അഞ്ചുവർഷമായി കാത്തിരിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കി, 2023-24 വർഷം അപേക്ഷിച്ചവർക്ക് നൽകാൻ നീക്കം. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷനാണ് ഇതിനൊരുങ്ങുന്നത്. 2019-20 വർഷത്തിൽ അപേക്ഷിച്ച ആയിരത്തിലേറെ കുട്ടികൾ കാത്തിരിക്കെയാണ് 2023-24-ൽ അപേക്ഷിച്ച 1200-ഓളം കുട്ടികൾക്ക് ഇപ്പോൾ തുക വിതരണം ചെയ്യുന്നത്. കേരള കുംഭാര സമുദായസഭ (കെ.കെ.എസ്.)യിലെ അംഗങ്ങളുടെ മക്കളാണ് തുകയ്ക്കായി കാത്തിരിക്കുന്നത്. വിവിധ കോഴ്സുകളിൽ മികച്ചവിജയം നേടുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

22-ന് ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് എരഞ്ഞിപ്പാലം കമ്യൂണിറ്റിഹാളിൽ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ഈ സമയത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കെ.കെ.എസ്. എസ്.എസ്.എൽ.സിക്ക് 2000 രൂപ, പ്ലസ്ടുവിന് 3000 രൂപ, ബിരുദത്തിന് 4000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ്. മെഡിക്കൽ-എൻജിനിയറിങ് പരിശീലന ഗ്രാൻറ്‌് തുകയും വിതരണം ചെയ്യുന്നുണ്ട്.

2019-20-ൽ അപേക്ഷിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും നടത്തിയിരുന്നു. 2020 മുതൽ 2023 വർഷത്തെ വിദ്യാർഥികൾക്ക് അപേക്ഷിക്കാനായി വിജ്ഞാപനം നടത്തിയില്ലെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജനുവരി ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കത്ത് നൽകിയിരുന്നെങ്കിലും അനുകൂലനടപടി ഉണ്ടായില്ലെന്ന് പറയുന്നു. 2019-20 വർഷത്തെ വിദ്യാർഥികൾക്കുകൂടി തുക വിതരണം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. പട്ടികജാതിയിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ, പട്ടികജാതിയിലേക്ക് ശുപാർശ ചെയ്യപ്പെട്ടവർ( ഒ.ഇ.സി.) എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് തുക നൽകുന്നത്. സംഗീതജ്ഞൻ ജാസി ഗിഫ്റ്റാണ് കോർപ്പറേഷൻ ചെയർമാൻ.

Content Highlights: State Converted Christian Recommended Development Corporation education scholarship controversy