ഡിജിറ്റൽ ലൈബ്രറി ഒരുക്കാൻ ഓപ്പൺ സർവകലാശാല; ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്ന ഏജൻസിയെ ക്ഷണിക്കുന്നു

കൊല്ലം: ലോകത്ത് എവിടെനിന്നും പ്രവേശിക്കാവുന്ന തരത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അത്യാധുനിക പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്നു. അക്കാദമിക സേവനങ്ങൾ വിപുലീകരിക്കുന്നതിനും വിജ്ഞാനവിനിമയത്തിനുമായാണ് പുതിയ സംവിധാനം നിലവിൽവരുന്നത്.
വിദ്യാർഥികൾക്കും ഗവേഷകർക്കും പുറമേ പൊതുജനങ്ങൾക്കും 24 മണിക്കൂറും പ്രവേശിക്കാവുന്ന രീതിയിലാണ് ഈ വിജ്ഞാനശേഖരം ഒരുക്കുന്നത്. സോഫ്‌റ്റ്‌വേർ ആസ് എ സർവീസ് (എസ്എഎഎസ്) മാതൃകയിൽ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ജേണലുകൾ, തീസീസുകൾ, ലക്ചർ നോട്ടുകൾ, പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ട പഠനസാമഗ്രികൾ എന്നിവ ലഭ്യമാകും.
കൂടാതെ ശ്രീനാരായണഗുരുവിന്റെ കൃതികളും മറ്റ് ചരിത്രരേഖകളും പഠനങ്ങളും ഡിജിറ്റൽ രൂപത്തിൽ ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കടക്കം ഇത്തരം വിവരങ്ങൾ, തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യം. ഡിജിറ്റൽ ലൈബ്രറി ഒരുക്കുന്ന ഏജൻസിയെ തിരഞ്ഞെടുക്കാനായി സർവകലാശാല താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഏറ്റവും മികച്ച നിർദേശം സമർപ്പിക്കുന്ന ഏജൻസിയുമായി കരാർ ഒപ്പിടുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. ഇതിന്റെ ചെലവിനായി വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ശേഖരിക്കും. അടുത്തഘട്ടമായി ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള 2500 ഗ്രന്ഥശാലകളെ സർവകലാശാലയുടെ റഫറൻസ് ലൈബ്രറികളാക്കി മാറ്റും. ഇവിടെ ഡിജിറ്റൽ ലൈബ്രറിയിൽ പ്രവേശിക്കാനുള്ള ടെർമിനർ ഒരുക്കും. വീട്ടിൽ ഇന്റർനെറ്റ് കണക്‌ഷനില്ലാത്തവർക്കും തുടർപഠനത്തിനുള്ള അവസരം ലഭ്യമാക്കുകയാണ് ലക്ഷ്യം.
Content Highlights: Sree Narayana Guru Open University is establishing a state-of-the-art public digital library accessible globally