പ്രതിവർഷം 452 ഇന്റേൺഷിപ്പ്; യുവപ്രതിഭകൾക്ക് മികച്ച അവസരവുമായി കേന്ദ്ര കായികമന്ത്രാലയം

ഇന്ത്യയിലെ കായികരംഗത്തിന്റെയും യുവപ്രതിഭകളുടേയും വളർച്ച ലക്ഷ്യമിട്ട് കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേഷനെക്കുറിച്ച് വിദ്യാർഥികൾക്ക് പ്രവൃത്തിപരിചയം നൽകാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
പുതിയ നയപ്രകാരം പ്രതിവർഷം 452 ഇന്റേൺഷിപ്പുകളാണ് മന്ത്രാലയം വാഗ്ദാനം ചെയ്യുന്നത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), നാഷണൽ ആന്റി- ഡോപ്പിങ് ഏജൻസി (NADA), നാഷണൽ ഡോപ് ടെസ്റ്റിങ് ലബോറട്ടറി (NDTL) എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് ഇന്റേൺഷിപ്പ് നൽകുക. തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് മാസം 20,000 രൂപ സ്റ്റൈപന്റ് ലഭിക്കും. പദ്ധതിക്കായി വാർഷിക ബജറ്റിൽ നിന്നും 5.30 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്.
യുവജനകാര്യ- കായിക മന്ത്രാലയത്തിന്റെയും അതുമായി ബന്ധപ്പെട്ട സ്വയംഭരണസ്ഥാപനങ്ങളുടേയും കീഴിലാണ് ഇന്റേൺഷിപ്പ് നടപ്പിലാക്കുന്നത്. സ്‌പോർട്‌സ് അഡ്മിനിസ്‌ട്രേഷൻ, ഗവേണൻസ്, കായിക ശാസ്ത്രം, ആന്റി ഡോപ്പിങ്, ഇവന്റ് മാനേജ്‌മെന്റ്, കായികതാരങ്ങൾക്ക് നൽകേണ്ട പിന്തുണ എന്നീ മേഖലകളിലൂടെ വിദ്യാർഥികൾക്ക് കടന്നുപോകാനുള്ള അവസരം ഇന്റേൺഷിപ്പിലൂടെ ലഭിക്കും.
ഇന്ത്യയുടെ കായിക വികസനത്തിൽ യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പാക്കാനും ഇതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ കണ്ടെത്താനും ഇതിലൂടെ സഹായിക്കുമെന്ന് ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട പുതിയ നയം പുറത്തിറക്കിക്കൊണ്ട് യുവജനകാര്യ- കായിക മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ലോക കായിക വേദികളിലടക്കം ഇന്ത്യയുടെ സാന്നിധ്യം വർധിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രൊഫഷണലായി പരിശീലനം ലഭിച്ചവരുടെ ആവശ്യകത വളരെയേറെയാണ്.
Content Highlights: India`s Youth Affairs & Sports Ministry launches internship program for college students. Gain practical experience in sports administration & earn ₹20,000/month.