സ്‌കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ തിരുവനന്തപുരത്ത്

#എം. ബഷീർ

തിരുവനന്തപുരം: വിദേശജോലിക്ക് യുവതയെ സജ്ജരാക്കാൻ സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്റർ കേരളത്തിലും വരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 30 സെന്ററുകളിലൊന്ന് തിരുവനന്തപുരത്ത് കരമനയിൽ സ്ഥാപിക്കും. കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ് (കേസ്) നേതൃത്വം നൽകും. ‌ഇതുസംബന്ധിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവുമായി തൊഴിൽവകുപ്പ് ധാരണാപത്രം ഒപ്പിടും. വ്യവസായ സംഘടനകൾ, റിക്രൂട്ടിങ് ഏജൻസികൾ തുടങ്ങിയവയുമായി സഹകരിച്ചാകും സെന്റർ പ്രവർത്തിക്കുക. വിദേശരാജ്യങ്ങളിൽ നിർമാണം, ആരോഗ്യം, ടൂറിസം, ഊർജം, വിദ്യാഭ്യാസം, ഗതാഗതം, ഐടി, ഉത്പാദനം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള ഇന്ത്യക്കാർക്ക് തൊഴിൽസാധ്യതയുണ്ടെന്ന് ദേശീയ നൈപുണ്യവികസന കോർപ്പറേഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഇത് മുൻനിർത്തി ഐടി, ഹാർഡ്‌വേർ മേഖലയിലും വിദേശഭാഷകളിലും പരിശീലനംനൽ‌കി ഉദ്യോഗാർഥികളെ സജ്ജരാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. യാത്രയ്ക്കുമുൻപുള്ള ഓറിയന്റേഷൻ ക്ലാസ്, നിയമനസഹായം തുടങ്ങിയവയും ലഭ്യമാക്കും.

കരമനയിൽ 20,000 ചതുരശ്രയടിയിലാണ് സെന്റർ ഒരുക്കുക. ഇതിനുള്ള സ്ഥലപരിശോധന പൂർത്തിയായി. ആദ്യഘട്ടത്തിൽ അഞ്ചുകോടിയോളം രൂപ സെന്ററിന്റെ പ്രവർത്തനത്തിനായി ലഭിക്കും.

Content Highlights: Skill India International Center Kerala launches in Trivandrum to train youth for overseas jobs.