എൻജിനിയറിങ്, ഫാർമസി: രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

Representational Image | Photo: freepik.com
Representational Image | Photo: freepik.com

എൻജിനിയറിങ്, ഫാർമസി രണ്ടാംഘട്ട അലോട്മെന്റിനും ആർക്കിടെക്ചർ ഒന്നാംഘട്ട അലോട്മെന്റിനുമുള്ള നടപടികൾ ആരംഭിച്ചു. എൻജിനിയറിങ്, ഫാർമസി പ്രവേശനത്തിന്‌ ആദ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയുംചെയ്ത വിദ്യാർഥികളും ആദ്യഘട്ടത്തിൽ അലോട്മെന്റൊന്നും ലഭിക്കാത്തവരും നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം.

ഇതിനായി www.cee.kerala.gov.in ലെ Candidate Portal ലെ ഹോംപേജിൽ പ്രവേശിച്ച് ‘confirm’ ബട്ടൺ ക്ലിക്ക്‌ ചെയ്യണമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെത്തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്‌സ്/ആർക്കിടെക്ചർ കോഴ്സ് ഉൾപ്പെടെ പുതിയതായി ഓപ്ഷൻ രജിസ്റ്റർചെയ്യുന്നതിനും 16-ന് രാത്രി 11.59 വരെ സൗകര്യം ലഭിക്കും.

രണ്ടാംഘട്ടത്തിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ള സ്വാശ്രയ എൻജിനിയറിങ് കോളേജിലേക്കും അനുബന്ധമായി ചേർത്തിട്ടുള്ള സർക്കാർ/എയ്ഡഡ് സ്വയംഭരണ/സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുതുതായി രജിസ്റ്റർചെയ്യാം. ഒന്നാംഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർചെയ്യാവുന്നതാണ്. എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ടം/ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ടം താത്കാലിക അലോട്‌മെന്റ് 19-ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in ലെ വിജ്ഞാപനം കാണുക.

Content Highlights: second allotment for engineering and pharmacy