നെടുനീളൻ പ്രസംഗമില്ല, ഘോഷയാത്രയ്ക്കും വിലക്ക്; പ്രവേശനോത്സവം ചെലവുചുരുക്കി നടത്താൻ സർക്കാർ

തിരുവനന്തപുരം: ഭരണമാറ്റത്തിന്റെ പുതുമ പുതിയ സ്‌കൂൾ അധ്യയനവർഷാരംഭത്തിലും പ്രതിഫലിപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പിൽ ഒരുക്കങ്ങൾ.
പതിവുപോലെ പ്രവേശനോത്സവം നടത്തി വിദ്യാർഥികളെ വരവേൽക്കും. നെടുനീളൻ പ്രസംഗങ്ങൾക്കു പകരം കുട്ടികളുമായി സംവദിക്കുന്ന അവതരണപരിപാടികൾ നിർബന്ധമാക്കി. കുട്ടികളെ അണിനിരത്തി, സ്‌കൂളിനു പുറത്തുള്ള ഘോഷയാത്രകളും പാടില്ല.
നവാഗതരെ വരവേൽക്കുന്ന പരിപാടികൾ സാമ്പത്തികച്ചെലവില്ലാതെ, സാമൂഹിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനും പ്രത്യേകം നിർദേശമുണ്ട്.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനംചെയ്യും.
പാഠപുസ്തകങ്ങൾ ഉറപ്പായി; യൂണിഫോം എല്ലാവർക്കുമായില്ല
ഒന്നാംക്ലാസിനുള്ള പുസ്തകം എല്ലായിടത്തുമെത്തി. ബാക്കി ക്ലാസുകളിൽ ചില പുസ്തകങ്ങൾ എത്താനുണ്ട്. ടെക്സ്റ്റ് ബുക്കുകൾ 29, 30 തീയതികളിലായി എല്ലാ സ്‌കൂളിലുമെത്തും.
മറ്റു പുസ്തകങ്ങൾ ജൂൺ ആദ്യവാരം സ്‌കൂളിൽ എത്തിക്കാനാണ് പദ്ധതി. അതേസമയം, യൂണിഫോം മുഴുവനായിട്ടില്ല. യു.പി., ഹൈസ്‌കൂൾ, എയ്ഡഡ് സ്‌കൂളുകൾക്ക് യൂണിഫോമിന് പണം നൽകുന്ന പതിവുണ്ട്. അതു പൂർത്തിയാവാത്തതിനാൽ ഈ സ്‌കൂളിൽ മിക്കതിലും യൂണിഫോം വൈകാനാണ് സാധ്യത.
സുരക്ഷയ്ക്ക് ഡബിൾ ചെക്ക്
രണ്ടുകാര്യങ്ങൾ ഉറപ്പാക്കിയെങ്കിലേ സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകൂ. അപകടസാധ്യതയുള്ള വൈദ്യുതിത്തൂണോ ഇലക്ട്രിക് വയറോ സ്‌കൂൾ കെട്ടിടത്തോടു ചേർന്നുണ്ടാവാൻ പാടില്ല. കൂടാതെ, ഇല്ലെന്ന് ട്രാൻസ്‌ഫോർമറും അധികൃതർ ഉറപ്പാക്കി കെ.എസ്.ഇ.ബി.യിൽ നിന്നും എതിർപ്പില്ലാരേഖ വാങ്ങണം. ചുറ്റുമതിൽ ബലപ്പെടുത്തൽ, പാമ്പിനെ ചെറുക്കാൻ മാളങ്ങൾ അടയ്ക്കൽ തുടങ്ങി 17 സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാലേ സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് നൽകൂ.
Content Highlights: The general education department issued strict cost-cutting measures for school Praveshanotsavam, banning long speeches and external processions. Chief Minister V.D. Satheesan will inaugurate the state-level event at Pattom Govt Model Girls HSS.