രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് (RIMC) പ്രവേശന പരീക്ഷ: അപേക്ഷകൾ ക്ഷണിച്ചു

രാജ്യത്തിന്റെ പ്രതിരോധസേനയിലേക്ക് സ്കൂൾതലത്തിൽത്തന്നെ മികച്ച പരിശീലനം നൽകുന്ന ദെഹ്റാദൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജി (ആർ.ഐ.എം.സി.) ലേക്ക് 2027 ജൂലായ് ടേമിലേക്കുള്ള എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പേരിൽ "കോളേജ് " ഉണ്ടെങ്കിലും ആർ.ഐ.എം.സി. ഒരു സർവകലാശാലാതല സ്ഥാപനമല്ല. എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. പാഠ്യപദ്ധതി പിന്തുടരുന്ന, െറസിെഡൻഷ്യൽ സൈനികവിദ്യാഭ്യാസ സ്കൂളാണിത്.
നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ.)യിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള ഫീഡർ സ്ഥാപനമായാണ് ഇതു പ്രവർത്തിക്കുന്നത്. ഒട്ടേറെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ സംഭാവനചെയ്ത ഈ സ്ഥാപനത്തിലേക്കുള്ള പ്രവേശനപ്പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ആണ് നടത്തുന്നത്.
കൗമാരപ്രായത്തിൽത്തന്നെ അച്ചടക്കം, നേതൃപാടവം, ശാരീരികക്ഷമത, അക്കാദമിക മികവ് എന്നിവ സമന്വയിപ്പിച്ച സമഗ്ര പരിശീലനത്തിലൂടെ വിദ്യാർഥികളെ ഭാവി സൈനിക ഓഫീസർമാരാകാൻ തയ്യാറാക്കുകയാണ് സ്ഥാപനത്തിന്റെ പ്രാഥമിക ദൗത്യം. അഞ്ചു വർഷത്തെ പരിശീലനത്തിനും 12-ാം ക്ലാസ് വിജയത്തിനുംശേഷം, യു.പി.എസ്.സി. നടത്തുന്ന എൻ.ഡി.എ. പ്രവേശനപരീക്ഷയും സർവീസസ് സെലക്‌ഷൻ ബോർഡ് അഭിമുഖവും വിജയിച്ചാൽ എൻ.ഡി.എ.യിൽ ചേരാം.
യോഗ്യതയും പ്രായപരിധിയും
എട്ടാംക്ലാസിലേക്കാണ് പ്രവേശനം. നിലവിൽ ഏഴാംക്ലാസിൽ പഠിക്കുന്നവർക്കോ ഏഴാംക്ലാസ് പാസായവർക്കോ അപേക്ഷിക്കാം. 2026 ഡിസംബർ ആറിന് പരീക്ഷ നടക്കും. ജനനത്തീയതി പരിധി 2013 ജൂലായ് രണ്ടുമുതൽ 2015 ജനുവരി ഒന്നുവരെയാണ് (രണ്ടു തീയതികളും ഉൾപ്പെടെ).
ഓർമ്മിക്കാൻ
സെപ്റ്റംബർ 30-ന് വൈകീട്ട് അഞ്ചുവരെ exams.nta.nic.in/RIMCEE വഴി അപേക്ഷിക്കാം. അപേക്ഷയിൽ തിരുത്തൽ അവസരം: ഒക്ടോബർ ഒൻപതു മുതൽ 11 വരെ. അപേക്ഷാഫീസ്: ജനറൽ/ഒ.ബി.സി.-എൻ.സി.എൽ. -1,000 രൂപ, എസ്.സി./എസ്.ടി. - 750 രൂപ. 500 രൂപ ലേറ്റ് ഫീസോടെ ഒക്ടോബർ ഒന്നു മുതൽ ഏഴു വരെ അപേക്ഷിക്കാം.
എഴുത്തുപരീക്ഷ: ഡിസംബർ ആറിന്. ഫലപ്രഖ്യാപനം: ഫെബ്രുവരി 20-ന്. വൈവാ വോസി: 2027 ഏപ്രിലോടെ
കേരളത്തിലെ പരീക്ഷാകേന്ദ്രം തിരുവനന്തപുരമാണ്.
ആവശ്യമായ രേഖകൾ
ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്, ഡൊമിസൈൽ സർട്ടിഫിക്കറ്റ്, ബാധകമെങ്കിൽ എസ്.സി./എസ്.ടി. സർട്ടിഫിക്കറ്റ്, ഇടത് കൈവിരലടയാളം, നിലവിലെ സ്കൂളിലെ പ്രിൻസിപ്പൽ നൽകുന്ന പഠനസാക്ഷ്യപത്രം, ആവശ്യമായ സർക്കാർ തിരിച്ചറിയൽരേഖ എന്നിവ ഔദ്യോഗിക നിർദേശമനുസരിച്ചുള്ള ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷാഫോമിലെ പേര്, ജനനത്തീയതി, വിഭാഗം, ഡൊമിസൈൽ വിവരങ്ങൾ എന്നിവ സർട്ടിഫിക്കറ്റുകളുമായി കൃത്യമായി പൊരുത്തപ്പെടണം.
മെറിറ്റ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്
സംവരണം ഇല്ലാതെ, പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. സാധാരണ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കാണുന്ന ഭിന്നശേഷി സംവരണമോ ഇളവുകളോ ലഭ്യമല്ല. ആൺകുട്ടികൾക്ക് സംസ്ഥാനാടിസ്ഥാനത്തിലും പെൺകുട്ടികൾക്ക് അഖിലേന്ത്യാ മെറിറ്റ് പട്ടികയിൽനിന്ന് വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം എന്നീ അഞ്ച് മേഖലകളായി തിരിച്ചാണ് സീറ്റ് വിന്യാസം. കേരളം ഉൾപ്പെടുന്നത് ദക്ഷിണമേഖലയിലാണ്.
ഫീസ്
ആദ്യവർഷത്തെ വാർഷികഫീസ് ജനറൽവിഭാഗത്തിന് 98,650 രൂപയും (ഒരു തവണ 50,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഉൾപ്പെടെ 1,48,650) എസ്.സി./എസ്.ടി വിഭാഗത്തിന് 81,850 രൂപയും (ആകെ 1,31,850 രൂപ) ആണ്. (താമസം, ഭക്ഷണം ഉൾപ്പെടെ) സെക്യൂരിറ്റി ഡിപ്പോസിറ്റ് ബിരുദം നേടിയ ശേഷം തിരികെ ലഭിക്കും. പല സംസ്ഥാന സർക്കാരുകളും മെറിറ്റ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാറുണ്ട്.
വിവരങ്ങൾക്ക്: rimc.edu.in/rimc-index.aspx | exams.nta.nic.in/RIMCEE/#
Content Highlights: NTA opened online applications for Class 8 admissions at Rashtriya Indian Military College (RIMC) Dehradun for the July 2027 term