പി.എച്ച്ഡി ഗവേഷണ ഫെല്ലോഷിപ്പുകള്‍ വര്‍ധിപ്പിച്ച് കേന്ദ്രസർക്കാർ; അപര്യാപ്തമെന്ന് ഗവേഷകർ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗവേഷകരുടെ ദീര്‍ഘനാളത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫെല്ലോഷിപ്പുകളില്‍ 20 ശതമാനം വര്‍ധന പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്(JRF), സീനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (SRF), റിസര്‍ച്ച് അസോസിയേറ്റ്‌സ് (RA) എന്നീ ഫെലോഷിപ്പുകളിലാണ് വര്‍ധന. പുതുക്കിയ ഫെലോഷിപ്പുകള്‍ 2023 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിഎസ്ടി) അറിയിച്ചു. 

ജെ.ആര്‍.എഫ് തുക 31,000-ല്‍ നിന്ന് 37,000 ആയും എസ്.ആര്‍.എഫ് തുക 35,000--ല്‍ നിന്ന് 42,000 ആയും ഉയര്‍ത്തി. RA1- 58,000, RA2- 61,000, RA3- 63,000 എന്നിങ്ങനെയാണ് പുതുക്കിയ ഫെലോഷിപ്പുകള്‍. 

2018-ലാണ് അവസാനമായി ഫെല്ലോഷിപ്പില്‍ വര്‍ധനയുണ്ടായത്. ഫെലോഷിപ്പ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഗവേഷകര്‍ രംഗത്തെത്തുകയും പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു. റിസര്‍ച്ച് ഫെലോഷിപ്പുകള്‍ സമയബന്ധിതമായി വര്‍ധിപ്പിക്കണമെന്നും എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ട് പത്ത് മാസത്തിലേറെയായി IISER അടക്കമുള്ള രാജ്യത്തെ മുന്‍നിരവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് വര്‍ധന. 

എന്നാല്‍, പുതുക്കിയ ഫെലോഷിപ്പ് തുക പരിമിതമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഫീസും പഠനച്ചെലവും കണക്കിലെടുക്കുമ്പോള്‍ തുക പര്യാപ്തമല്ലെന്നും ഗവേഷകര്‍ പറയുന്നു.
 

Content Highlights: Research Fellowship Hike Announced