സ്വന്തം രചനകളെ ഗവേഷണത്തിലേക്ക് ഒളിച്ചുകടത്തരുതെന്ന് യു.ജി.സി.

-
-

കൊച്ചി: ഉന്നതവിദ്യാഭ്യാസരംഗത്തെ ഗവേഷണ-പഠന പ്രവർത്തനങ്ങളിലെ കോപ്പിയടിക്കെതിരേ നിലപാട് കടുപ്പിച്ച് യു.ജി.സി. കൃത്യമായ തെളിവുകൾ വെളിപ്പെടുത്താതെ മുൻകാലത്തെ സ്വന്തം എഴുത്തുകൾപോലും ഉപയോഗിക്കുന്നത് രചനാമോഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് യു.ജി.സി.യുടെ മുന്നറിയിപ്പ്. സ്ഥാനക്കയറ്റത്തിന്റെ അർഹതയ്ക്ക് ഇതും ശക്തമായ മാനദണ്ഡമാക്കണമെന്നാണു നിഷ്കർഷിച്ചിരിക്കുന്നത്.

അക്കാദമികരംഗത്ത് രചനാമോഷണം തടയാനുളള വഴികൾ നിർദേശിക്കാൻ ഉന്നതതലസമിതിയെ കമ്മിഷൻ നിയോഗിച്ചിരുന്നു. അവരുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നിയമനിർമാണവും നടത്തി. 2018 ഓഗസ്റ്റിൽ നിലവിൽവന്ന നിയമത്തിന്റെ തുടർച്ചയായി ആവർത്തനങ്ങൾ കണ്ടെത്താൻ കഴിയുന്ന സോഫ്റ്റ്വേർ സംവിധാനം എല്ലാ സർവകലാശാലകൾക്കും സൗജന്യമായിത്തന്നെ ലഭ്യവുമാക്കിയിരുന്നു.

സ്വന്തംനിലയിൽ അവതരിപ്പിച്ച കാര്യങ്ങൾ പുതിയതെന്ന നിലയിൽ വീണ്ടും അവതരിപ്പിക്കരുതെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ഉപജീവിക്കുന്ന ഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിശദമായും അനുബന്ധമായും ചേർക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് രചനാമോഷണത്തിന്റെ ഗണത്തിൽ ഉൾപ്പെടും.

പത്തുശതമാനംവരെയുള്ള കോപ്പിയടിക്കാരോട് തകരാർ പരിഹരിച്ച് കൊണ്ടുവരാനാണു പറയുക. പത്തുമുതൽ 40 വരെ ശതമാനം മോഷണമാണെങ്കിൽ ആറുമാസത്തിനകം പുതിയ പ്രബന്ധം സമർപ്പിക്കണം. 40 മുതൽ 60 വരെ ശതമാനം പകർപ്പാണെന്നു കണ്ടെത്തിയാൽ ഒരുവർഷത്തേക്ക് വിലക്കാണ് ശിക്ഷ. അതിനും മുകളിൽ വരുന്ന നാലാം വിഭാഗത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നുമാണ് നിയമം.

Content Highlights: Republishing Your Own work will be called self plagiarism, says UGC

Content Highlights: