5,100 വിദ്യാർഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു

മുംബൈ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2026–27 അധ്യയന വർഷത്തെ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന പദ്ധതിയിലൂടെ ഇത്തവണ 5,100 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

5,000 ബിരുദ വിദ്യാർഥികൾക്കും 100 ബിരുദാനന്തര വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്പ് ലഭിക്കുക. ബിരുദ വിദ്യാർഥികൾക്ക് കോഴ്സ് കാലയളവിൽ പരമാവധി 2 ലക്ഷം രൂപ വരെയും, ബിരുദാനന്തര വിദ്യാർഥികൾക്ക് 6 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷാ ഫീസ് ഈടാക്കില്ല.

റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനി, റിലയൻസ് സ്ഥാപകൻ-ചെയർമാൻ ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2022 ഡിസംബറിൽ 10 വർഷത്തിനിടെ 50,000 അധിക സ്കോളർഷിപ്പുകൾ നൽകാനുള്ള പ്രഖ്യാപനം നടത്തിയിരുന്നു. ഇതുവരെ റിലയൻസ് 33,000ത്തിലധികം സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് നൽകിയിട്ടുണ്ട്.

ബിരുദ വിദ്യാർഥികൾക്ക് 5,000 സ്കോളർഷിപ്പുകൾ

മെറിറ്റ്-കം-മീൻസ് അടിസ്ഥാനത്തിലാണ് റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്കോളർഷിപ്പിനുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും പദ്ധതി സഹായിക്കും.

ബിരുദാനന്തര പഠനത്തിന് 100 സ്കോളർഷിപ്പുകൾ

എൻജിനീയറിങ്, ടെക്നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ ഭാവിയുമായി ബന്ധപ്പെട്ട മേഖലകളിൽ ബിരുദാനന്തര പഠനം നടത്തുന്ന 100 മികവുറ്റ വിദ്യാർഥികൾക്കാണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പ് നൽകുന്നത്. അക്കാദമിക് മികവ്, അഭിരുചി തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഭാവിയിലെ ഗവേഷകർ, നവീകരണ പ്രവർത്തകർ, പ്രൊഫഷണലുകൾ എന്നിവരെ വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാമ്പത്തിക സഹായത്തിന് പുറമെ മെന്റർഷിപ്പും

സ്കോളർഷിപ്പ് സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മെന്റർഷിപ്പ്, നേതൃത്വ വികസന പരിപാടികൾ, വ്യവസായ വിദഗ്ധരുമായുള്ള ആശയവിനിമയം, നെറ്റ്‌വർക്കിങ് അവസരങ്ങൾ, സ്കോളർ കമ്മ്യൂണിറ്റി എന്നിവയും വിദ്യാർഥികൾക്ക് ലഭിക്കും. ആത്മവിശ്വാസവും പുതിയ കഴിവുകളും വികസിപ്പിച്ച് സമൂഹത്തിൽ അർഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

2025–26 അധ്യയന വർഷത്തിൽ തിരഞ്ഞെടുത്ത 5,100 സ്കോളർമാർ 27 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,350 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ളവരായിരുന്നു.

എങ്ങനെ അപേക്ഷിക്കാം?

2026–27 അധ്യയന വർഷത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ ഫുൾടൈം ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ഒന്നാം വർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിരുദ സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പിൽ അപ്റ്റിറ്റ്യൂഡ് അസസ്മെന്റിനൊപ്പം കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലവും പരിഗണിക്കും. ബിരുദാനന്തര സ്കോളർഷിപ്പിന് അക്കാദമിക് മികവ്, അഭിരുചി തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിഗണിക്കുക.

അപേക്ഷാ പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഫീസ് ഈടാക്കില്ല. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം: https://scholarships.reliancefoundation.org/.
നിരവധി മുൻ സ്കോളർമാർ ടെക്നോളജി, ഹെൽത്ത്‌കെയർ, ഗവേഷണം, അക്കാദമിക രംഗം, സംരംഭകത്വം, പൊതുനേതൃത്വം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താൻ ശേഷിയുള്ള പുതിയ തലമുറയിലെ പ്രതിഭകളെ കണ്ടെത്തി പിന്തുണയ്ക്കുകയാണ് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം.

Content Highlights: 5,100 scholarships available for the 2026-27 academic year, Up to Rs 2 Lakh for undergraduate students and Rs 6 Lakh for postgraduate students, Zero application fees required, Includes financial aid, mentorship, and networking opportunities