രാജഗിരി എൻജിനിയറിങ് കോളേജ് രജതജൂബിലിയാഘോഷം നാളെ തുടങ്ങും; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കൊച്ചി: 25 വർഷം പൂർത്തിയാക്കുന്ന കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷങ്ങൾക്കും ഇൻഡസ്ട്രി-അക്കാദമിയ സമ്മിറ്റായ 'കോൺഫ്ളുവൻസ് 3.0'യ്ക്കും തിങ്കളാഴ്ച തുടക്കമാകും. വൈകീട്ട് 4-ന് കോളേജ് ഓഡിറ്റോറിയത്തിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം. ജോൺ എന്നിവർ പങ്കെടുക്കും.
സെപ്റ്റംബർ ഒന്നിന് നടക്കുന്ന കോൺഫ്ളുവൻസ് ഉച്ചകോടിയിൽ ഐ.ബി.എസ്. എക്സിക്യുട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. 'ഇന്ത്യയിൽ എ.ഐ.യുടെ സ്വാധീനം' എന്ന വിഷയത്തിൽ സെഷനുകൾ നടക്കും. പാനൽ ചർച്ച, ഫയർ സൈഡ് ചാറ്റ്, പവർ ടോക്ക് സെഷനുകളുമുണ്ടാവും. സാങ്കേതിക സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇൻഡസ്ട്രി പ്രതിനിധികൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും രജിസ്റ്റർ ചെയ്ത് പരിപാടിയിൽ പങ്കെടുക്കാം.
വിവരങ്ങൾക്കും രജിസ്ട്രേഷനും https://confluence.org.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ പോൾ മുളേരിക്കൽ, അലംനൈ ആൻഡ് ഔട്ട്റീച്ച് ഡീൻ ഡോ. ബിജു പോൾ, അലംനൈ അസോസിയേഷൻ സെക്രട്ടറി വിവേക് ജോർജ്, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ നിധീഷ് കുര്യൻ, അസിസ്റ്റന്റ് പ്രൊഫസർ അനൂപ് തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.