അന്ധഭക്തർ’ക്ക് രൂക്ഷവിമർശനം; 'സിസ്റ്റ'ത്തിന് വിദ്യാർഥികളുടെ ചോദ്യങ്ങൾ ഇഷ്ടമല്ല -രാഹുൽ

ഇന്ദോർ: രാജ്യത്തെ മുഴുവൻ ഭരണസംവിധാനത്തെയും ചിലർ പിടിച്ചെടുത്തിരിക്കുകയാണെന്നും വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുന്നത് ഈ സംവിധാനത്തിന് ഇഷ്ടമല്ലെന്നും കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി. ഇന്ദോറിൽ വിദ്യാർഥികളുമായി സംവദിക്കാൻ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ജ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുനിന്ന് വിദ്വേഷം തുടച്ചുനീക്കാൻ വിദ്യാർഥികൾക്കുമാത്രമേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും അന്ധമായി പിന്തുണയ്ക്കുന്ന ‘അന്ധഭക്തർക്ക്’ അതിന് സാധിക്കില്ല -രാഹുൽ ഗാന്ധി വ്യക്തമാക്കി.
അന്ധഭക്തർ സമൂഹത്തിൽ വെറുപ്പ് പടർത്തുകയാണ്. അദാനി, അംബാനി, ജയ് ഷാ തുടങ്ങിയവരെക്കുറിച്ചും നിലവിലെ ഭരണസംവിധാനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുമ്പോൾ അന്ധഭക്തർ അവരെ എതിർക്കുന്നു. രാജ്യത്ത് ഒരു ലക്ഷത്തോളം സ്കൂളുകൾ പൂട്ടി. ഇതിൽ 55 ശതമാനവും ഉത്തർപ്രദേശിലും മധ്യപ്രദേശിലുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ യുവാക്കൾ പങ്കെടുക്കുന്നത് തടയാൻ ഇന്ദോർ പോലീസ് രാജീവ് ഗാന്ധി വധക്കേസ് അന്വേഷണറിപ്പോർട്ട് ആയുധമാക്കിയതായി കോൺഗ്രസ് ആരോപിച്ചു. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച ജസ്റ്റിസ് വർമ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസ് സുരക്ഷാനിബന്ധനകൾ മുന്നോട്ടുെവച്ചത്. കോച്ചിങ് സെന്ററുകൾക്കും വിദ്യാർഥി ഹോസ്റ്റലുകൾക്കുംമേൽ മധ്യപ്രദേശ് പോലീസ് സമ്മർദം ചെലുത്തിയതായും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.