സർക്കാർ സർവകലാശാലകളെ പിന്നിലാക്കി സ്വകാര്യ മേഖല; സ്വകാര്യ സർവകലാശാലകളുടെ എണ്ണത്തിൽ 149% വർധനവ്

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സർവകലാശാലകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്വകാര്യ സർവകലാശാലകൾ വളർന്നതായി റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) പുറത്തുവിട്ട പുതിയ കണക്കുകൾ വിശകലനം ചെയ്ത് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550-ലധികം പുതിയ സർവകലാശാലകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. 2013-14 കാലയളവിൽ ഇന്ത്യയിൽ 219 സ്വകാര്യ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 546 ആയി ഉയർന്നു. അതായത് ഏകദേശം 149 ശതമാനത്തിന്റെ വർദ്ധനവ്.
അതേസമയം, ഇതേ കാലയളവിൽ സർക്കാർ സർവ്വകലാശാലകളുടെ എണ്ണം 504-ൽ നിന്ന് 733 ആയി മാത്രമാണ് ഉയർന്നത് (45 ശതമാനം വർധനവ്). സർക്കാർ സ്ഥാപനങ്ങളെ അപേക്ഷിച്ച് മൂന്ന് മുതൽ നാലിരട്ടി വരെ വേഗത്തിലാണ് സ്വകാര്യ മേഖലയിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരുന്നതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഗുജറാത്തിന് വൻ കുതിപ്പ്
സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ വൻ അഴിച്ചുപണിയാണ് ദൃശ്യമായത്. 2013-14ൽ രാജസ്ഥാനായിരുന്നു ഈ പട്ടികയിൽ മുന്നിൽ. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 67 സ്വകാര്യ സർവകലാശാലകളുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. പത്ത് വർഷത്തിനിടെ 51 പുതിയ സ്വകാര്യ സർവകലാശാലകളാണ് ഗുജറാത്തിൽ മാത്രം തുടങ്ങിയത്. 52 സ്ഥാപനങ്ങളുമായി മധ്യപ്രദേശ് രണ്ടാമതും, ഉത്തർപ്രദേശ് (45), മഹാരാഷ്ട്ര (42) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്. അതേസമയം സർക്കാർ സർവകലാശാലകളുടെ എണ്ണത്തിൽ ഉത്തർപ്രദേശും (58) കർണാടകയുമാണ് (51) മുന്നിൽ നിൽക്കുന്നത്.
വിദ്യാർഥികളുടെ പങ്കാളിത്തം മാറുന്നു
സർവകലാശാലകളുടെ എണ്ണത്തിൽ സ്വകാര്യ മേഖല മുന്നിലാണെങ്കിലും രാജ്യത്തെ ഭൂരിഭാഗം വിദ്യാർഥികളും ഇപ്പോഴും ആശ്രയിക്കുന്നത് സർക്കാർ സ്ഥാപനങ്ങളെയാണ്. എന്നാൽ ഇവിടെയും സ്വകാര്യ മേഖല സ്വാധീനം ഉറപ്പിക്കുന്നതായി കാണാം.
2013-14ൽ ആകെ വിദ്യാർഥികളിൽ 81.3 ശതമാനവും സർക്കാർ സർവകലാശാലകളിലായിരുന്നു. എന്നാൽ 2023-24ൽ ഇത് 68.1 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവിൽ സ്വകാര്യ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം 11.9 ലക്ഷത്തിൽ (18.6%) നിന്ന് മൂന്നിരട്ടിയോളം വർദ്ധിച്ച് 34.6 ലക്ഷത്തിൽ (31.9%) എത്തി.
Content Highlights: According to the latest AISHE report, private universities in India have grown four times faster than government ones over the last decade, with student enrollment in private institutions tripling to reach 31.9%.