പ്രിയപ്പെട്ടവന്റെ ഓർമ്മയ്ക്കായി ഒരു ‘നിധി’; രാമചന്ദ്രൻ മരണാനന്തരം ഡോ. രാമചന്ദ്രനായി

കാസർകോട് നീലേശ്വരം പള്ളിക്കരയിലെ 'ഫാർമഗുഡി'യിൽ എം.രാമചന്ദ്രന് കണ്ണൂർ സർവകലാശാല സിവിൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി നൽകി. പക്ഷേ, അത് ഏറ്റുവാങ്ങാൻ അദ്ദേഹമുണ്ടായിരുന്നില്ല. പ്രബന്ധം സമർപ്പിച്ച് അധികം വൈകാതെ ഹൃദയാഘാതമെന്ന വില്ലൻ ആ ജീവൻ തട്ടിയെടുത്തു. ഇപ്പോൾ നാലുവർഷത്തിനുശേഷം തപാലിലെത്തിയ പിഎച്ച്ഡി ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ പ്രിയതമ വി. ജയലക്ഷ്മിയുടെ കണ്ണീരിൽ അത് നനഞ്ഞു. മരണാനന്തരമുള്ള പിഎച്ച്ഡി അക്കാദമിക് മേഖലയിൽ അപൂർവമാണ്.
കേരള പോലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽനിന്ന് ചീഫ് എൻജിനീയറായി വിരമിച്ച രാമചന്ദ്രൻ ജീവിതകാലം മുഴുവൻ പഠിക്കുകയായിരുന്നു. കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷം ഗോവ ഗവ. എൻജിനിയറിങ് കോളേജിൽ അധ്യാപകനായി. അവിടെനിന്ന് ബിരുദാനന്തരബിരുദം നേടിയശേഷം ജല അതോറിറ്റിയിലും പൊതുമരാമത്ത്, ജലസേചനവകുപ്പുകളിലും ജോലി ചെയ്തു. ഇതിനിടെ എൽഎൽബിയും സോഫ്റ്റ്‌വെയർ മേഖലയിലെ എസ്എപി കോഴ്‌സും വിജയിച്ച അദ്ദേഹം ജ്യോതിഷവും പഠിച്ചു.
സർവീസിലിരിക്കെ പാർട്ട്ടൈമായാണ് സിവിൽ എൻജിനിയറിങ്ങിൽ കണ്ണൂർ സർവകലാശാലയിൽ ഗവേഷണം തുടങ്ങിയത്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗം പ്രൊഫസറായിരുന്ന ഡോ. വി.ഐ. ബീനയായിരുന്നു ഗൈഡ്. 2021 മാർച്ച് 30-ന് പ്രബന്ധം സമർപ്പിച്ചു. ഇതിനുശേഷം ജ്യോതിഷവും ന്യൂമറോളജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിലായിരുന്നു അദ്ദേഹം. എന്നാൽ അപ്രതീക്ഷിതമായെത്തിയ ഹൃദയാഘാതം ജൂൺ 11-ന് അദ്ദേഹത്തിന്റെ ജീവിതത്തിനും പഠനത്തിനും വിരാമമിട്ടു.
ഹൃദയം നുറുങ്ങുന്ന വേദനയാണ് ആ വിയോഗം സമ്മാനിച്ചതെന്ന് ജയലക്ഷ്മി. എന്നാൽ അതിനിടയിലും ഭർത്താവിന്റെ പിഎച്ച്ഡി പൂർത്തിയാക്കുന്നതിനെക്കുറിച്ചായിരുന്നു ചിന്ത മുഴുവനും. മറ്റൊന്നിനും വേണ്ടിയല്ല, ഒരു നിധിപോലെ സൂക്ഷിക്കാൻ. ഗൈഡിനെ ബന്ധപ്പെട്ടപ്പോൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിനിടെ സർവകലാശാല പ്രബന്ധം മൂല്യനിർണയത്തിനയച്ചു. പരിശോധകരിൽ രണ്ടുപേർ അംഗീകരിക്കുകയും ഒരാൾ ചെറിയ തിരുത്തൽ നിർദേശിക്കുകയും ചെയ്തു.
തിരുത്തൽ വരുത്തി സമർപ്പിക്കാൻ ഗവേഷകനില്ലാത്തതിനാൽ സർവകലാശാല നടപടികളെല്ലാം നിർത്തിവെച്ചു. ജയലക്ഷ്മി സർവകലാശാലയ്ക്ക് തുടർച്ചയായി കത്തുകളയച്ചു. സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഗൈഡ് ഡോ. ബീനയും ഇടപെട്ടു. ഒടുവിൽ പ്രബന്ധം തിരുത്തൽവരുത്തി സമർപ്പിക്കാൻ ഗൈഡിന് സർവകലാശാല അനുമതി നൽകി. പ്രബന്ധ പരിശോധകരുടെയും ഡീൻസ് കമ്മിറ്റിയുടെയും ശുപാർശയും ഭാര്യയുടെ അപേക്ഷയും പരിഗണിച്ച് രാമചന്ദ്രന് മരണാനന്തരമായി പിഎച്ച്ഡി നൽകാൻ നവംബർ നാലിന് സിൻഡിക്കേറ്റ് തീരുമാനിച്ചു.
തടസ്സങ്ങളെല്ലാം തട്ടിനീക്കി പ്രിയപ്പെട്ടവന് പിഎച്ച്ഡി ലഭിച്ചതിനുള്ള എല്ലാ അംഗീകാരവും ഗൈഡ് ഡോ. ബീനയ്ക്ക് നൽകുന്നു ബെംഗളൂരുവിൽ എൽഐസിയിൽ എക്‌സി. എൻജിനീയറും തിരുവനന്തപുരം ചിറക്കുളം റോഡ് സ്വദേശിനിയുമായ ജയലക്ഷ്മി. കാസർകോട്ടെ പരേതരായ ചൂരിക്കാട് ബാലകൃഷ്ണൻ നായരുടെയും മഠത്തിൽ തമ്പായി അമ്മയുടെയും മകനാണ് രാമചന്ദ്രൻ. എംബിബിഎസ് വിദ്യാർഥികളായ അക്ഷയ് റാം, അദ്വൈത് റാം എന്നിവരാണ് മക്കൾ.
Content Highlights: A Kerala engineer`s dream of a Civil Engineering PhD from Kannur University was realized posthumously. His wife ensured his dedication was honored, a rare academic achievement.