അലോട്ട്‌മെന്റ് വേണ്ട, സമയത്ത് അപേക്ഷിക്കേണ്ട, ഇഷ്ടസ്‌കൂളിൽ പഠിക്കാം; +1 സീറ്റിൽ പിന്‍വാതിൽ തട്ടിപ്പ്

ആലപ്പുഴ: ഏകജാലകംവഴി അപേക്ഷിച്ച് പ്ലസ്വണിന് ഇഷ്ടവിഷയവും സ്‌കൂളും കിട്ടാത്ത ആയിരക്കണക്കിനു പേരുള്ളപ്പോള്‍ മാനദണ്ഡം മറികടന്ന് ഒരുവിഭാഗം കുട്ടികള്‍ പ്രത്യേക ഉത്തരവിലൂടെ പ്രവേശനം നേടുന്നു. ഏകജാലക സംവിധാനവും മെറിറ്റും സംവരണവുമെല്ലാം അട്ടിമറിച്ചാണ് വിദ്യാഭ്യാസവകുപ്പ് ഇതിന് കൂട്ടുനില്‍ക്കുന്നത്.
ഇത്തവണ ആയിരത്തഞ്ഞൂറിലധികം പേരാണ് വിവിധ സ്‌കൂളുകളില്‍ പ്രത്യേക ഉത്തരവിലൂടെ ചേര്‍ന്നത്. സീറ്റൊഴിവില്ലാത്ത സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏകജാലകംവഴി അപേക്ഷിക്കാത്തവരും ഈ രീതിയില്‍ പ്രവേശനം തരപ്പെടുത്തിയതായാണ് സൂചന.
മുഖ്യ, സപ്ലിമെന്ററി അലോട്മെന്റുകള്‍ക്കുശേഷം മിച്ചമുള്ള സീറ്റിലേക്ക് തത്സമയ പ്രവേശനം നടത്തുന്നതാണ് രീതി. അതിനുപോലും നിശ്ചിതസമയത്ത് സ്‌കൂളില്‍ ഹാജരായവരുടെ മെറിറ്റ്പട്ടിക തയ്യാറാക്കിവേണം പ്രവേശനം. ഏകജാലകംവഴി അപേക്ഷിക്കാത്തവരെ പ്രവേശനത്തിന്റെ ഒരുഘട്ടത്തിലും പരിഗണിക്കാറുമില്ല.
2008-ലാണ് ഹയര്‍സെക്കന്‍ഡറി പ്രവേശനം ഓണ്‍ലൈന്‍ വഴിയാക്കുന്നത്. അന്നുമുതല്‍ അവസാനഘട്ടത്തില്‍ മിച്ചംവരുന്ന സീറ്റില്‍, അപേക്ഷിക്കുന്നതിലെ അപാകം നിമിത്തവും മറ്റും അവസരം നഷ്ടമായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാറുണ്ടായിരുന്നു. കുറച്ചുപേര്‍ മാത്രമാണ് ഇതിലുള്‍പ്പെട്ടിരുന്നത്. എന്നാല്‍, അടുത്തകാലത്തായി എണ്ണം കൂടിവരുന്നു.
കഴിഞ്ഞ അധ്യയനവര്‍ഷം തൊള്ളായിരത്തിലധികം കുട്ടികളാണ് ഇങ്ങനെ പ്രവേശനം നേടിയത്. ഇത്തവണ അത് 1,500 കടന്നു. മുന്‍പ്, ഈ രീതിയില്‍ ചേരുന്നവരുടെ പട്ടിക വെബ് സൈറ്റിലിടാറുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. വി.എച്ച്.സി. പ്രവേശനം നേടിയവരാണ് ഏകജാലകം മറികടന്ന് പ്ലസ്വണിലേക്കു വരുന്നവരില്‍ കൂടുതലും. ഐ.ടി.ഐ., പോളിടെക്നിക് കോഴ്സുകള്‍ വേണ്ടെന്നുവെച്ചു വരുന്നവരുമുണ്ട്. പ്ലസ്വണിന് അപേക്ഷിക്കാത്തവരും കൂട്ടത്തിലുണ്ട്.
പിന്‍വാതില്‍ തുറക്കുന്നത് ഇങ്ങനെ; സമയത്ത് അപേക്ഷിക്കാനായില്ല, മറ്റു കോഴ്‌സുകളില്‍ ചേര്‍ന്നുപോയി തുടങ്ങിയ കാരണങ്ങള്‍ കാണിച്ച് വിദ്യാഭ്യാസമന്ത്രിക്ക് അപേക്ഷ നല്‍കുന്നതാണ് രീതി. തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പ് കുട്ടിയുടെ സങ്കടഹര്‍ജി പരിഗണിച്ച് പ്രവേശനത്തിനുള്ള ഉത്തരവിറക്കും. പ്രിന്‍സിപ്പലിനും കുട്ടിക്കും നല്‍കുന്ന ഉത്തരവിന്റെ പകര്‍പ്പ് ഹയര്‍ സെക്കന്‍ഡറി വകുപ്പിനും കൈമാറും. ഓണ്‍ലൈന്‍ അപേക്ഷ, ഒപ്ഷന്‍ നല്‍കല്‍, അലോട്ട്‌മെന്റ് തുടങ്ങിയ കടമ്പകളും മിടുക്കരായ കുട്ടികളോടുള്ള മത്സരവുമൊന്നും വേണ്ടാ. ഇഷ്ടസ്‌കൂളില്‍ ഇഷ്ടവിഷയത്തില്‍ പഠിക്കാം.
Content Highlights: plusone seat backdoor admission