മലയാളസര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദം

മലയാള സർവകലാശാല | ഫോട്ടോ: അജിത് ശങ്കരന്‍
മലയാള സർവകലാശാല | ഫോട്ടോ: അജിത് ശങ്കരന്‍

തുഞ്ചത്തെഴുച്ഛന്‍ മലയാളസര്‍വകലാശാല 2024-25 അധ്യയനവര്‍ഷത്തേക്കുള്ള ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കാലാവധി.

പ്രോഗ്രാമുകള്‍: എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്‌കാരപൈതൃകം), എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എ. പരിസ്ഥിതിപഠനം, എം.എസ്സി. പരിസ്ഥിതിപഠനം, എം.എ. വികസനപഠനവും തദ്ദേശവികസനവും, എം.എ. ചരിത്രപഠനം, എം.എ. സോഷ്യോളജി, എം.എ. ചലച്ചിത്രപഠനം, എം.എ. താരതമ്യസാഹിത്യ-വിവര്‍ത്തന പഠനം. ഓരോ പ്രോഗ്രാമിലും 20 പേര്‍ക്കാണ് പ്രവേശനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എം.എസ്സി. പരിസ്ഥിതിപഠന കോഴ്സിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചിട്ടുള്ള അംഗീകൃതബിരുദം വേണം. പ്രായം: 28 വയസ്സ് കവിയരുത് (പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷിയുള്ളവര്‍ക്ക് 30 വയസ്സുവരെയാകാം).

പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒരാള്‍ക്ക് പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് പ്രവേശനപ്പരീക്ഷയെഴുതാം. രണ്ട് പ്രോഗ്രാമുകള്‍ക്ക് ഫീസടച്ചവര്‍ക്ക് മൂന്നാമത്തെ വിഷയം ഫീസടയ്ക്കാതെയെഴുതാം. സാഹിത്യരചനാപ്രോഗ്രാമിന് അപേക്ഷിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന അഭിരുചിപ്പരീക്ഷാസമയത്ത് ഹാജരാക്കണം. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപ്പരീക്ഷയില്‍ ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലായി 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. പരീക്ഷാകേന്ദ്രങ്ങള്‍: തിരുവനന്തപുരം, എറണാകുളം, തിരൂര്‍, കോഴിക്കോട്, വയനാട്. പ്രവേശനപ്പരീക്ഷത്തീയതി പിന്നീടറിയിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20. വെബ്സൈറ്റ്: www.malayalamuniversity.edu.in.

Content Highlights: PG Courses at malayalam university