ഓണ്‍ലൈന്‍ പരീക്ഷയും മൂല്യനിര്‍ണയവും സര്‍വകലാശാലകള്‍ സജ്ജമായശേഷം

തിരുവനന്തപുരം: സർവകലാശാല പരീക്ഷയും മൂല്യനിർണയവും ഓൺലൈനാക്കാൻ ദീർഘകാല പരിശീലനങ്ങളും പദ്ധതികളും ആവശ്യം. സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഇതിനുള്ള ഭൗതികസാഹചര്യങ്ങൾ ഇല്ലാത്തതും വിദ്യാർഥികൾക്കിടയിൽ 'ഡിജിറ്റൽ ഡിവൈഡ്' (ഡിജിറ്റൽ സാങ്കേതിക വിദ്യയുള്ളവരും ഇല്ലാത്തവരും) നിലനിൽക്കുന്നതുമാണ് ഇതിന് കാരണമെന്ന് ബി. ഇക്ബാൽ അധ്യക്ഷനായ വിദഗ്ധസമിതി വ്യക്തമാക്കി.
ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിക്കാനാകാത്ത ആയിരക്കണക്കിന് വിദ്യാർഥികളുണ്ട്. സാങ്കേതിക സംവിധാനങ്ങളും നൂതനസൗകര്യങ്ങളും വേണ്ടത്ര ഇല്ലാതെയാണ് പല എയ്‌ഡഡ്, സർക്കാർ കോളേജുകളും സർവകലാശാല പഠനവിഭാഗങ്ങളും പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക്ഡൗൺ മൂലം നഷ്ടപ്പെട്ട ക്ലാസുകൾ തിരിച്ചുപിടിക്കാൻ ചില കോളേജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇവയിൽ ചിലത് ക്ലാസുകൾ മുഴുവൻ ഉൾക്കൊള്ളുന്നതോ എല്ലാ വിദ്യാർഥിയെയും പൂർണമായി പങ്കെടുക്കുന്നതോ ആയിരുന്നില്ല. എന്നാൽ ദീർഘകാല പരിശീലനങ്ങളിലൂടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെയും ഓൺലൈൻ സൗകര്യങ്ങളിലേക്ക് കടക്കാനാകും.
അധ്യാപകർക്ക് ദീർഘകാല പരിശീലനം നൽകി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പുണെ യൂണിവേഴ്സിറ്റി, മൈസൂർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ ഓൺലൈൻ മൂല്യനിർണയം നടപ്പാക്കിയിട്ടുണ്ട്. മൂല്യനിർണയം പുറത്തുള്ള ഏജൻസിയെ ഏല്പിച്ചാൽ വിവാദങ്ങൾക്ക് ഇടവരുത്തും. പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ പദ്ധതികളിൽ ആദ്യം നടപ്പാക്കിയശേഷം വലിയ പരീക്ഷകളിലേക്ക് മാറ്റണം. കൈറ്റ് പദ്ധതിയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തണം. വിദ്യാർഥികൾക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കണം. അധ്യാപർക്കും പരിശീലനം നൽകണം.
ഭാവിയിൽ എല്ലാ സർവകലാശാലയിലും ചോദ്യബാങ്ക് രീതി, ഓൺലൈൻ ചോദ്യപ്പേപ്പർ സംവിധാനം, പരീക്ഷാ മൂല്യനിർണയം വീട്ടിലിരുന്നുചെയ്യാനാകുന്ന ഓൺലൈൻ ഡെസ്ക്ടോപ്പ് സ്ക്രീൻ വാല്വേഷൻ, മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള മാർക്ക് എൻട്രി തുടങ്ങിയവ ഓൺലൈൻ കോഴ്സുകൾ വ്യാപകമാകുന്നതിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കണം. നാക് റാങ്കിങ്ങിൽ എ-ഗ്രേഡ് ലഭിച്ച 116 എയ്‌ഡഡ് കോളേജുകളുടെ അടിസ്ഥാന വികസനത്തിന് രണ്ടുകോടി രൂപവീതം കഴിഞ്ഞവർഷം റൂസ അനുവദിച്ചിരുന്നു. ഇതിൽ 40 ശതമാനം സർക്കാർ വിഹിതമാണ്. ഈ ഫണ്ടുകൾ ഉപയോഗിച്ച് പദ്ധതികൾ തയ്യാറാക്കണം.
Content Highlights: Online exams will be conducted only when universities are ready says Ekbal committee
Content Highlights: