എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പ്രതിവർഷം 12,000 രൂപ ധനസഹായം; NMMS സ്കോളർഷിപ്പ് അപേക്ഷാ തിയതി നീട്ടി

2026-27 അധ്യയന വർഷത്തേക്കുള്ള നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീമിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. നവംബർ 15 വരെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയത്.
സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ പോർട്ടലിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ജൂൺ ഒന്ന് മുതൽ പ്രവർത്തനം ആരംഭിച്ച പോർട്ടൽ വഴി ഒക്ടോബർ 30 വരെ 90,483 പുതിയ അപേക്ഷകളും ഏകദേശം രണ്ട് ലക്ഷത്തോളം റിന്യൂവൽ അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂളുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് പ്രതിവർഷം 12,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. ഈ തുക ഡി.ബി.ടി വഴി നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. സ്കൂൾ നോഡൽ ഓഫീസർ നവംബർ 30-നകവും, ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ഡിസംബർ 15-നകവും പരിശോധിച്ചു ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇതിനകം അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഉറപ്പുവരുത്തണം.
എട്ടാം ക്ലാസിനു ശേഷം പഠനം തുടരാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്കോളർഷിപ്പിന്റെ ലക്ഷ്യം.
Content Highlights: NMMSS 2026-27 application deadline extended to November 15 by the Ministry of Education