എം.ബി.ബി.എസ്. ; അഞ്ചാംവർഷം ഫീസ് വാങ്ങരുതെന്ന് മെഡിക്കൽ കമ്മിഷൻ

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. കോഴ്‌സിന് അഞ്ചാംവർഷം ഫീസ് വാങ്ങരുതെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. 2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടങ്ങൾപ്രകാരം നാലരവർഷം (54 മാസം) ആണ് കോഴ്‌സ് കാലാവധി. അതിനുശേഷം ഒരുവർഷം സ്റ്റൈപ്പെൻഡോടെ നിർബന്ധിത ഇന്റേൺഷിപ്പുമുണ്ട്.
രാജ്യത്തെ പല കോളേജുകളും അഞ്ചാം വർഷവും ഫീസ് വാങ്ങുന്നെന്നും നിശ്ചിത സ്റ്റൈപ്പെൻഡ് നൽകുന്നില്ലെന്നുമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. കമ്മിഷൻ നിർദേശം ആരോഗ്യസെക്രട്ടറിക്കും സംസ്ഥാന മെഡിക്കൽ കമ്മിഷൻ രജിസ്ട്രാർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
അതേസമയം, കമ്മിഷന്റെ നിർദേശം സംസ്ഥാനത്ത് ബാധകമല്ലെന്ന വാദമാണ് മാനേജ്‌മെന്റുകൾ ഉയർത്തുന്നത്. അഞ്ചുവർഷത്തേക്കുള്ള ഫീസാണ്, ഫീസ് നിർണയ സമിതി നിശ്ചയിച്ചുനൽകുന്നതെന്ന് കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ വള്ളിൽ പറഞ്ഞു.
വ്യക്തതയില്ല
ഫീസ് ഘടന സംബന്ധിച്ച് സർക്കാർ വ്യക്തത വരുത്തണമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകളുംമറ്റും പരിശോധിച്ച് ഫീസ് നിർണയസമിതിയാണ് ഓരോ വർഷവും ഫീസ് നിർണയിക്കുന്നത്. ഇത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുന്നതോടെയാണ് ഫീസ് ഘടന നിലവിൽവരുന്നത്.
ഒന്നാംവർഷം നിശ്ചയിക്കുന്ന ഫീസ് എല്ലാവർഷവും അതേ നിരക്കിൽ അഞ്ചുവർഷംവരെ അടയ്ക്കണമെന്നതാണ് സംസ്ഥാനത്തെ രീതി.
സ്റ്റൈപ്പെൻഡ് അല്ല, പോക്കറ്റ് മണി
ഇന്റേൺഷിപ്പിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്റ്റൈപ്പെൻഡ് 27,300 രൂപയാണ്. 7000, 8000, 8500 തുടങ്ങിയ വ്യത്യസ്ത തുകകളാണ് പല സ്വാശ്രയ കോളേജുകളും നൽകുന്നതെന്ന് രക്ഷിതാക്കളുടെ സംഘടന വ്യക്തമാക്കുന്നു. 17,000 വരെ നൽകുന്ന കോളേജുമുണ്ട്. ഫീസ് വർധിപ്പിക്കാതെ സ്റ്റൈപ്പെൻഡ് ഉയർത്താനാവില്ലെന്നും ഇന്റേൺഷിപ്പ് കോഴ്‌സിന്റെ ഭാഗമാണെന്നും ജോലിയായി കാണാനാവില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ മറുവാദം.
ചർച്ചചെയ്യേണ്ടതുണ്ട്
കമ്മിഷൻ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഘടന പുനഃപരിശോധിക്കേണ്ടതുണ്ടോ എന്നകാര്യം ചർച്ചചെയ്യേണ്ടതുണ്ട്. വിദ്യാർഥികൾക്കും മാനേജ്‌മെന്റിനും വ്യക്തതയ്ക്കായി കോടതിയെ സമീപിക്കാവുന്നതാണ്. ഫീസ് നിർണയ സമിതിക്ക് നയപരമായ തീരുമാനമെടുക്കാനാവില്ല.
-ജസ്റ്റിസ്(റിട്ട.) കെ.കെ. ദിനേശൻ, അധ്യക്ഷൻ, ഫീ റെഗുലേറ്ററി കമ്മിറ്റി ഫോർ മെഡിക്കൽ എജുക്കേഷൻ