സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 4,201 പുതിയ പിജി സീറ്റുകള്‍ക്ക് എന്‍എംസി അംഗീകാരം; കേരളത്തിനും നേട്ടം

2025- 26 വര്‍ഷത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകള്‍ വര്‍ധിപ്പിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC). വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 4,201 സീറ്റുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ആകെ പിജി സീറ്റുകളുടെ എണ്ണം 3,123- ല്‍ നിന്ന് 7,324 ആയി ഉയര്‍ന്നു.
മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിങ് ബോര്‍ഡ് (MARB) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ തീരുമാനം അറിയിച്ചത്. പുതുതായി അംഗീകരിച്ച സീറ്റുകളുടെ ഏകീകൃത ലിസ്റ്റും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വര്‍ധിച്ചത് കര്‍ണ്ണാടകത്തിലാണ്. 712 പുതിയ സീറ്റുകള്‍ക്കാണ് ഇവിടെ അംഗീകാരം ലഭിച്ചത്. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി 53 സീറ്റുകളുടെ വര്‍ധനവുണ്ടായിട്ടുണ്ട്.
എന്‍എംസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയ വിജ്ഞാപനത്തില്‍ വിദ്യാര്‍ഥികളോട് പുതുക്കിയ സീറ്റുകളെക്കുറിച്ച് ശ്രദ്ധിക്കാന്‍ എന്‍എംസി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ബ്രോഡ് സ്‌പെഷ്യാലിറ്റീസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സീറ്റുകള്‍ വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ മാത്രമാണ് ബാധകമാവുകയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. അടുത്ത നീറ്റ് പിജി കൗണ്‍സിലിങിനായി വര്‍ധിച്ച സീറ്റുകള്‍ പരിഗണിക്കുമ്പോള്‍ ലെറ്റര്‍ ഓഫ് പെര്‍മിഷനായി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല എന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ സ്‌പെഷ്യാലിറ്റികളിലെ വര്‍ധനവ്
- എംഎസ് ഓര്‍ത്തോപീഡിക്‌സ്- 355 സീറ്റുകള്‍
- എംഡി അനസ്‌തേഷ്യാളജി- 318 സീറ്റുകള്‍
- എംഡി റോഡിയോ ഡയഗ്നോസിസ്- 314 സീറ്റുകള്‍
- എംഡി ജനറല്‍ മെഡിസിന്‍- 283 സീറ്റുകള്‍
- എംഎസ് ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി- 282 സീറ്റുകള്‍
- എംഡി പീഡിയാട്രിക്‌സ്- 296 സീറ്റുകള്‍
- എംഡി ഡെര്‍മറ്റോളജി, വെനറോളജി ആന്‍ഡ് ലെപ്രസിയില്‍- 240 സീറ്റുകള്‍
- എംഎസ് ഒഫ്താല്‍മോളജി- 238 സീറ്റുകള്‍
- എംഎസ് ജനറല്‍ സര്‍ജറി- 251 സീറ്റുകള്‍
- എംഡി ഫാമിലി മെഡിസിന്‍- 2 സീറ്റുകള്‍
- എംഡി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍- 4 സീറ്റുകള്‍
- എംഡി ന്യൂക്ലിയര്‍ മെഡിസിന്‍- 8 സീറ്റുകള്‍
- എംഡി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍- 7 സീറ്റുകള്‍
Content Highlights: National Medical Commission (NMC) approves 4,201 new PG medical seats in private colleges for 2025-26. Total seats rise to 7,324. Karnataka sees largest increase.