പ്രതിമാസം 2 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ്; നാഷണൽ ലോ സ്കൂൾ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) 2027 ജനുവരി ബാച്ചിലേക്കുള്ള ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോ, സോഷ്യൽ സയൻസ്, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നവർക്കായി മൂന്ന് തരം ഫെലോഷിപ്പുകളാണ് സർവകലാശാല നൽകുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ 30 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. NLSIU ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ഫെലോഷിപ്പുകളും ഒഴിവുകളും:

ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പ്: 10 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: ₹50,000)

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: 5 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: ₹1,20,000)

യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ്: 5 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: ₹2,00,000)

(അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് എന്നിവ കണക്കിലെടുത്തായിരിക്കും അന്തിമ സ്റ്റൈപ്പൻഡ് തുക നിശ്ചയിക്കുന്നത്.)

യോഗ്യത
ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പ്: നിയമത്തിൽ ബിരുദമോ, സോഷ്യൽ സയൻസ്/പബ്ലിക് പോളിസി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിയമം, സോഷ്യൽ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ പി.എച്ച്.ഡി പൂർത്തിയാക്കിയവരായിരിക്കണം. മുൻപ് മറ്റ് സർവകലാശാലകളിൽ പോസ്റ്റ് ഡോക്ടറൽ പദവി വഹിച്ചവർക്ക് അവസരമില്ല.

യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ്: പി.എച്ച്.ഡിയും കുറഞ്ഞത് 10 വർഷത്തെ അധ്യാപന/പ്രൊഫഷണൽ പരിചയവും മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ചരിത്രവുമുള്ളവർക്ക് അപേക്ഷിക്കാം.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾക്കും മറ്റ് അപേക്ഷ നിർദ്ദേശങ്ങൾക്കുമായി എൻ.എൽ.എസ്.ഐ.യു ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. 

Content Highlights: NLSIU Bangalore invites applications for January 2027 research fellowships.