ഉന്നത പഠനത്തിന് പണമില്ലെന്ന് കരുതി മടിക്കേണ്ട; അറിയാതെ പോകരുത് ഈ കേന്ദ്ര പദ്ധതി

ഏത് മേഖലയിലേക്കാണ് ശ്രദ്ധതിരിക്കേണ്ടതെന്ന് ധാരണയുണ്ടെങ്കിലും നിരവധി വിദ്യാർഥികൾക്ക് സാമ്പത്തിക ബാധ്യതകൾ വലിയൊരു തടസ്സമാകാറുണ്ട്. എന്നാൽ ശരിയായ സാമ്പത്തിക സഹായവും കേന്ദ്ര ഗവൺമെന്റ് പദ്ധതികളും എങ്ങനെ ഒരു വിദ്യാർത്ഥിയുടെ ജീവിതം മാറ്റിയെഴുതുമെന്നതിന്റെ ഉദാഹരണമാണ് പി.ഐ.ബി റിപ്പോർട്ട് ചെയ്യുന്ന ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ആശിഷ് കുമാർ സിംഗിന്റെ ജീവിതകഥ.
29-കാരനായ ആശിഷ് കുമാർ സിങ്ങിന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടണമെന്നായിരുന്നു ആഗ്രഹം. ട്യൂഷൻ ഫീസ്, ഗവേഷണത്തിനാവശ്യമായ പുസ്തകങ്ങൾ, താമസച്ചെലവ്, ഇന്റർനെറ്റ് അലവൻസ് എന്നിവ കണ്ടെത്താൻ കുടുംബത്തിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഗവേഷണ സാമഗ്രികളുടെ കുറവും സാമ്പത്തിക ഞെരുക്കവും അക്കാദമിക് വളർച്ചയ്ക്ക് തടസ്സമായി.
വഴിത്തിരിവായ NFSC ഫെലോഷിപ്പ്
ഈ പ്രതിസന്ധികൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ പട്ടികജാതി വിദ്യാർഥികൾക്കായുള്ള ദേശീയ ഫെലോഷിപ്പ് ആശിഷിന് തുണയാകുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 2024 ഏപ്രിൽ മുതൽ അദ്ദേഹത്തിന് ഈ പദ്ധതി വഴിയുള്ള സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.
പ്രതിമാസം 44,400 രൂപ വീതം 26 മാസത്തേക്കാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. ഇതിനുപുറമെ കണ്ടിൻജൻസി ഗ്രാന്റും വീട്ടുവാടക അലവൻസും ആശിഷിന് ലഭിക്കുന്നുണ്ട്.
സാമ്പത്തിക ഭാരമൊഴിഞ്ഞ് ഗവേഷണത്തിലേക്ക്
ഫെലോഷിപ്പ് തുക ലഭിച്ചു തുടങ്ങിയതോടെ ഓൺലൈൻ അക്കാദമിക് ഉറവിടങ്ങൾ ഉപയോഗിക്കാനും സെമിനാറുകളിലും കോൺഫറൻസുകളിലും സജീവമായി പങ്കെടുക്കാനും ആശിഷിന് സാധിച്ചു.
കുടുംബത്തിന്റെ മേലുള്ള സാമ്പത്തിക ഭാരം കുറഞ്ഞതോടെ സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസവും കൈവന്നു.
ലക്ഷ്യം അസിസ്റ്റന്റ് പ്രൊഫസർഷിപ്പും സിവിൽ സർവീസും
പിഎച്ച്ഡി പൂർത്തിയാക്കിയശേഷം സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിക്കുക എന്നതാണ് ആശിഷിന്റെ ലക്ഷ്യം. കൂടാതെ ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികൾക്ക് കൃത്യമായ ഫെലോഷിപ്പുകളും സാമ്പത്തിക പിന്തുണയും ലഭിച്ചാൽ അക്കാദമിക് മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകും എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ആശിഷ് കുമാർ സിംഗിന്റെ ജീവിതം.
എന്താണ് NFSC ഫെലോഷിപ്പ്?
കേന്ദ്ര സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ.എസ്.എഫ്.ഡി.സി) നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് നാഷണൽ ഫെലോഷിപ്പ് ഫോർ ഷെഡ്യൂൾഡ് കാസ്റ്റ് സ്റ്റുഡന്റ്സ്. യുജിസി അംഗീകൃത ഇന്ത്യൻ സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ എം.ഫിൽ, പി.എച്ച്.ഡി തുടങ്ങിയ ഉന്നത പഠനം നടത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം 2022 ഒക്ടോബർ ഒന്ന് മുതൽ എൻ.എസ്.എഫ്.ഡി.സി ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. UGC NET, Joint CSIR UGC NET പരീക്ഷകളിൽ യോഗ്യത നേടുന്ന എസ്.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി പ്രതിവർഷം 2,000 പുതിയ ജൂനിയർ റിസർച്ച് ഫെലോഷിപ്പുകളാണ് പദ്ധതി വഴി അനുവദിക്കുന്നത് (ഹ്യുമാനിറ്റീസ്/സോഷ്യൽ സയൻസ് വിഭാഗത്തിൽ 1,500 പേർക്കും സയൻസ് വിഭാഗത്തിൽ 500 പേർക്കും). സാധാരണ സംവരണ ക്വാട്ടയ്ക്ക് പുറമെയാണ് ഈ അവസരങ്ങൾ നൽകുന്നത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് യോഗ്യതാ പരീക്ഷകളുടെ കട്ട് ഓഫ് മാർക്കുകൾ നിശ്ചയിക്കുന്നതും ഫെലോഷിപ്പിനുള്ള വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതും.
Content Highlights: Ashish Kumar Singh overcame severe financial hurdles to pursue his PhD in Political Science using the NFSC fellowship