41 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കും 10,650 എംബിബിഎസ് സീറ്റുകള്‍ക്കും അംഗീകാരം നല്‍കി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍

പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

2024-25 അക്കാദമിക് വര്‍ഷത്തില്‍ 10,650 പുതിയ എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അംഗീകാരം നല്‍കി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 75,000, മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞയുമായി ഒത്തുപോകുന്നതാണ്‌ സീറ്റ് വര്‍ധന. 2024-ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി സീറ്റ് വര്‍ധനയുടെ കാര്യത്തിനെക്കുറിച്ച് പറഞ്ഞത്.

ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ലഭ്യത വികസിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് സീറ്റ് വര്‍ധിപ്പിക്കുന്നതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സീറ്റുകള്‍ കൂടി ആകുമ്പോള്‍ 2024-25 അധ്യയന വര്‍ഷത്തിലെ മുഴുവന്‍ സീറ്റുകളുടെ എണ്ണം 1,37,600 ആയി വര്‍ധിക്കും. നാല്‍പത്തിയൊന്ന് പുതിയ മെഡിക്കല്‍ കോളേജുകള്‍ കൂടി വരുന്നതോടെ രാജ്യത്തെ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം 816-ാകും.

ബിരുദതലത്തിലുള്ള സീറ്റ് വര്‍ധിപ്പിക്കുന്നതിനായി 170 അപേക്ഷകളാണ് ലഭിച്ചതെന്ന് എന്‍.എം.സി ചീഫ് ഡോ. അഭിജാത്‌ ഷേത്ത് അറിയിച്ചു. 41 ഗവണ്‍മെന്റ, 129 സ്വകാര്യ സ്ഥാപനങ്ങളിലുമാണ് 10,650 സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ബിരുദാനന്തര ബിരുദതലത്തിലേക്ക് പുതിയ സീറ്റുകള്‍ക്ക് വേണ്ടി 3,500 പുതിയ അപേക്ഷയും ലഭിച്ചിട്ടുണ്ട്.

ബിരുദാനന്തര ബിരുദതലത്തില്‍ 5000 സീറ്റുകള്‍ വര്‍ധിപ്പിച്ചതോടെ ആകെ സീറ്റുകളുടെ എണ്ണം 67,000-മായി. രണ്ട് വിഭാഗങ്ങളിലും കൂടി 15,000 സീറ്റുകളുടെ വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. അടുത്ത അക്കാദമിക് വര്‍ഷവുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍, സീറ്റ് മാട്രിക്‌സ്, പരീക്ഷകള്‍ എന്നിവ സംബന്ധിച്ച വിശദമായ ബ്ലൂ പ്രിന്റ് ഉടന്‍ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ പാഠ്യപദ്ധതിയിലേക്ക് ക്ലിനിക്കല്‍ റിസേര്‍ച്ച് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും എന്‍എംസി പരിഗണിക്കുന്നുണ്ടെന്ന് ഡോ. ഷേത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: National Medical Commission approves 10,650 new MBBS seats for 2024-25,as part of fulfilling PM Modi`s pledge to increase medical seats by 75,000 in five years.