പുതിയ മാനേജ്‌മെന്റ്, സയന്‍സ് പ്രോഗ്രാമുകള്‍; +2 കഴിഞ്ഞവര്‍ക്ക് ദേശീയ സ്ഥാപനങ്ങളില്‍ പഠിക്കാം

പ്ലസ്ടു ജയിച്ചവര്‍ക്കായി 2025-'26-ല്‍ തുടങ്ങുന്ന രണ്ടു പുതിയ നാലുവര്‍ഷ ബാച്ച്‌ലര്‍ പ്രോഗ്രാമുകള്‍ രണ്ടു ദേശീയസ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎംകെ) കൊച്ചി കാംപസില്‍ തുടങ്ങുന്ന ബാച്ച്‌ലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്) (ഓണേഴ്സ് വിത്ത് റിസര്‍ച്ച്) ആണ് ഒരു പ്രോഗ്രാം. മദ്രാസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കെമിസ്ട്രി വകുപ്പ് തുടങ്ങുന്ന നാലുവര്‍ഷത്തെ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് (ബിഎസ്) കെമിസ്ട്രി ആണ് രണ്ടാമത്തെ പ്രോഗ്രാം.
ബാച്ച്‌ലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
വ്യാവസായിക, വാണിജ്യ രംഗത്തെ എല്ലാ മേഖലകളിലും നേതൃത്വംനല്‍കാന്‍ പ്രാപ്തരായ രാജ്യാന്തര കാഴ്ചപ്പാടുള്ള, നൂതന ആശയങ്ങളുള്ള ന്യൂ ജനറേഷന്‍ ലീഡര്‍മാരെ വാര്‍ത്തെടുക്കാന്‍ നാലുവര്‍ഷ പ്രോഗ്രാം ലക്ഷ്യമിടുന്നു.
മാനേജ്മെന്റ് മേജര്‍ പഠനത്തോടൊപ്പം, ഇക്കണോമിക്സ് ആന്‍ഡ് പബ്ലിക് പോളിസി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്; സൈക്കോളജി ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ്, ഫിനാന്‍സ് ആന്‍ഡ് ബിഗ് ഡേറ്റ, ലിബറല്‍ സ്റ്റഡീസ് ഇന്‍ മാനേജ്മെന്റ്, മാര്‍ക്കറ്റിങ്, സെയില്‍സ് ആന്‍ഡ് ഡിജിറ്റല്‍ പ്രൊമോഷന്‍ തുടങ്ങിയ മൈനറുകളും ലഭ്യമാണ്.
യോഗ്യത
എച്ച്എസ്സി/ക്ലാസ് 12/ഐബി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കുകയോ പത്താം ക്ലാസിനുശേഷമുള്ള ഡിപ്ലോമ പ്രോഗ്രാം ജയിച്ചിരിക്കുകയോ വേണം. പ്രസ്തുത പരീക്ഷകളുടെ അന്തിമഫലം കാത്തിരിക്കുന്ന ഓഗസ്റ്റ് ഒന്നിനകം യോഗ്യതനേടിയതിന്റെ അസല്‍ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ഷീറ്റ് ഹാജരാക്കാന്‍ കഴിയുന്നവര്‍ക്കും അപേക്ഷിക്കാം. പ്രവേശനത്തിന് പ്രായപരിധിയില്ല.
തിരഞ്ഞെടുപ്പ്
കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ ജൂണ്‍ 22-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ഐഐഎംകെ ബിഎംഎസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എടി) നടത്തും. പരീക്ഷയ്ക്ക്, വെര്‍ബല്‍ എബിലിറ്റി (ഗ്രാമര്‍, വൊക്കാബുലറി റീഡിങ് കോംപ്രിഹന്‍ഷന്‍), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (നമ്പര്‍ സിസ്റ്റംസ്, ഓള്‍ജിബ്ര, ജ്യോമട്രി, മെന്‍സുറേഷന്‍, സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോബബിലിറ്റി) എന്നിവയിലെ അഭിരുചി അളക്കുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള രണ്ട് സെക്ഷനുകളുണ്ടാകും. കാല്‍ക്കുലേറ്റര്‍ അനുവദിക്കില്ല. ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍; 2025 ജൂണ്‍ 20-നകം എടുത്ത, എസ്എടി, എസിടി എന്നിവയില്‍ ഒന്നിലെ സാധുവായ സ്‌കോര്‍ ഉള്ളവരെ ഐഐഎംകെബിഎംഎസ്എടി അഭിമുഖീകരിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ടെസ്റ്റ് സ്‌കോര്‍ പെര്‍ഫോമന്‍സ്, ക്ലാസ് 12/ഡിപ്ലോമ/തത്തുല്യതല അക്കാദമിക് പെര്‍ഫോമന്‍സ്, ക്ലാസ് 10-ല്‍ ലഭിച്ച മാര്‍ക്ക് എന്നിവ പരിഗണിച്ചു തയ്യാറാക്കുന്ന അഗ്രിഗേറ്റ് ഇന്‍ഡക്സ് സ്‌കോര്‍ (എഐഎസ്) അടിസ്ഥാനമാക്കി അപേക്ഷകരെ പഴ്സണല്‍ ഇന്റര്‍വ്യൂവിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.
കോഴിക്കോട്,ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന പഴ്സണല്‍ ഇന്റര്‍വ്യൂവില്‍ അക്കാദമിക് ശ്രമങ്ങള്‍/നിര്‍വഹണം, ജനറല്‍ അവയര്‍നസ്, സാമൂഹിക ഇടപെടലുകള്‍, മനോഭാവം, വ്യക്തിത്വം, ആശയവിനിമയ ശേഷി, പ്രോഗ്രാമിനുള്ള അനുയോജ്യത തുടങ്ങിയവ വിലയിരുത്തപ്പെടും. മുന്‍ അക്കാദമിക് മികവ്, പ്രവേശനപരീക്ഷയില്‍ ലഭിക്കുന്ന സ്‌കോര്‍, പഴ്സണല്‍ ഇന്റര്‍വ്യൂ സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയാകും അന്തിമതിരഞ്ഞെടുപ്പ്.
അപേക്ഷ
പ്രോഗ്രാം വിശദാംശങ്ങള്‍ www.iimk.ac.in-ല്‍ ലഭിക്കും. (പ്രോഗ്രാംസ് > അക്കാദമി ക് പ്രോഗ്രാംസ്> ബിഎംഎസ് ലിങ്കുകള്‍ വഴി) അപേക്ഷ ഈ ലിങ്ക് വഴി മേയ് 22 വരെ നല്‍കാം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ ഒന്‍പതുമുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍വ്യൂ ജൂലായില്‍. പ്രതിവര്‍ഷ ഫീസ് ഏഴുലക്ഷം രൂപയാണ്. മറ്റു ഫീസുകളും ഉണ്ടാകും. സഹായങ്ങള്‍ക്ക്: ugpac@iimk.ac.in
ബിഎസ് കെമിസ്ട്രി
നാലുവര്‍ഷമാണ് പ്രോഗ്രാം ദൈര്‍ഘ്യം. പ്രവേശനം നേടുന്നവര്‍ക്ക് എംഎസ് കെമിസ്ട്രി പ്രോഗ്രാമിലേക്ക് അപ്ഗ്രഡേഷനുള്ള ഓപ്ഷന്‍ ഉണ്ട്. കെമിസ്ട്രിയിലും അനുബന്ധവിഷയങ്ങളിലും ശക്തമായ അടിത്തറയോടെ തിയററ്റിക്കല്‍ അറിവും ലബോറട്ടറി അനുഭവവും സംയോജിപ്പിച്ച്, റിസര്‍ച്ച്, ഇന്‍ഡസ്ട്രി, അക്കാദമീയ എന്നീ മേഖലകളില്‍ മികച്ച കരിയര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന രീതിയിലാണ് പ്രോഗ്രാമിന്റെ രൂപകല്പന.
ബിഎസ്/എംഎസിനൊപ്പം മൈനര്‍ ഡിഗ്രി സമ്പാദിക്കല്‍ (ഉദാ: ബിഎസ് കെമിസ്ട്രി വിത്ത് ഡേറ്റാ സയന്‍സ്), അനുബന്ധ സയന്‍സ് എന്‍ജിനിയറിങ് വകുപ്പുകളില്‍ പ്രോജക്ട് അവസരം, എംഎസ് പ്രോജക്ട് കാലയളവില്‍ മറ്റ് സര്‍വകലാശാലകള്‍/സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിക്കാനുള്ള അവസരം തുടങ്ങിയവയും സവിശേഷതകളാണ്.
ആദ്യവര്‍ഷം കെമിസ്ട്രി, ഫിസിക്സ്, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിലെ ഫൗണ്ടേഷന്‍ കോഴ്‌സുകളാണ്. രണ്ടാംവര്‍ഷവും മൂന്നാംവര്‍ഷവും കെമിസ്ട്രി കോര്‍ കോഴ്സുകള്‍. മൂന്നാംവര്‍ഷത്തില്‍ മൈനര്‍ സ്ട്രീമുകള്‍ തിരഞ്ഞെടുക്കാന്‍ ഫ്രീ ഇലക്ടീവ്സ് ലഭ്യമാക്കും. നാലാംവര്‍ഷം കെമിസ്ട്രിയിലെ കോര്‍, ഇലക്ടീവ് കോഴ്സുകളും ഓപ്ഷണല്‍ പ്രോജക്ടും. മൂന്നാംവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിഎസ്സി ബിരുദവുമായി എക്സിറ്റ് ഓപ്ഷന്‍ സ്വീകരിക്കാം.
യോഗ്യത
ക്ലാസ് 12/തത്തുല്യ പരീക്ഷ സയന്‍സ് സ്ട്രീമില്‍ 60 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡോടെ 2023-ല്‍/2024-ല്‍/2025-ല്‍ ജയിച്ചവരായിരിക്കണം. പ്ലസ്ടു/തത്തുല്യ കോഴ്സില്‍ കെമിസ്ട്രിയും ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയില്‍ രണ്ടും വിഷയങ്ങള്‍ പഠിച്ചിരിക്കണം. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. എച്ച്എസ്സി വൊക്കേഷണല്‍, മൂന്നുവര്‍ഷ ഡിപ്ലോമ, അഞ്ചുവിഷയങ്ങള്‍ പഠിച്ച് ജയിച്ച എന്‍ഐഒഎസ് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങിയവയും തത്തുല്യ യോഗ്യതയില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന 2025-ലെ ഐസര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഐഎടി) 2025-ല്‍ യോഗ്യത നേടിയിരിക്കണം. പ്രവേശനം ഐഎടി റാങ്ക് അടിസ്ഥാനമാക്കിയാണ്.
അപേക്ഷ
ugadmissions.iitm.ac.in/bsiat/വഴി മേയ് 23-ന് വൈകീട്ട് ആറുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. വനിതകള്‍, പട്ടിക/ഭിന്നശേഷി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗക്കാര്‍ക്ക് 250 രൂപ. സ്‌പോര്‍ട്‌സ് എക്‌സലന്‍സ്, ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ എക്‌സലന്‍സ്, സയന്‍സ് ഒളിമ്പ്യാഡ് എക്‌സലന്‍സ് സ്ട്രീമുകളില്‍ ഓരോന്നിലും രണ്ട് സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ വീതമുണ്ട്. രണ്ടു കോഴ്സുകള്‍ക്കും പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള സംവരണമുണ്ടാകും.
Content Highlights: New 4-Year Bachelor Programs in India