NEET UG: 522 മാർക്ക് ലഭിക്കേണ്ട വിദ്യാർഥിയുടെ സ്കോർ കാർഡിൽ 95; ബോംബെ HC-യിൽ ഹർജി

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മുംബൈ: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തിൽ ഗുരുതരമായ ക്രമക്കേട് ആരോപിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള വിദ്യാർഥി ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള വിദ്യാർഥിയായ സോഹം ഗാവ്തെയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ റിട്ട് ഹർജി ഫയൽ ചെയ്തത്.

ഔദ്യോഗിക ആൻസർ കീയും തൻ്റെ ഒ.എം.ആർ ഷീറ്റും ഒത്തുനോക്കിയപ്പോൾ 522 മാർക്ക് ലഭിക്കേണ്ട സ്ഥാനത്ത്, എൻ.ടി.എ പുറത്തുവിട്ട അന്തിമ സ്കോർ കാർഡിൽ 95 മാർക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാർത്ഥി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് അഭിഭാഷകൻ പറയുന്നത്:

ജൂലൈ 16-നാണ് നീറ്റ് യു.ജി ഫലം എൻ.ടി.എ പ്രഖ്യാപിച്ചത്. സ്കോർ കാർഡിലെ വ്യത്യാസം കണ്ടതിനെ തുടർന്ന് തെളിവുകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് ബോധ്യപ്പെട്ടതെന്ന് വിദ്യാർഥിയുടെ അഭിഭാഷകൻ മഹേന്ദ്ര ഗാന്ധ്ലെ പറഞ്ഞു. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കേസ് ജൂലൈ 23-ന് കോടതി വാദം കേൾക്കാൻ മാറ്റിവെച്ചിട്ടുണ്ട്.

പ്രതീക്ഷിച്ചതിൽനിന്ന് ഏറെ വൃത്യാസമുള്ള ഫലം കണ്ട വിദ്യാർഥി ഉടൻ തന്നെ എൻ.ടി.എയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും ഏഴ് ഇമെയിലുകൾ അയക്കുകയും നിരവധി തവണ ഫോൺ വഴി ബന്ധപ്പെടുകയും ചെയ്തുവെന്നും അഭിഭാഷകൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നു. പ്രശ്നം 16 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് എൻ.ടി.എ ഒരു ഇമെയിലിന് മറുപടി നൽകിയെങ്കിലും പിന്നീട് യാതൊരു നടപടിയോ തൃപ്തികരമായ മറുപടിയോ ലഭിച്ചില്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

തുടർന്നാണ് നീതി തേടി വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങളിൽ എൻ.ടി.എ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

Content Highlights: A Maharashtra student scoring 522 marks per the answer key has approached the Bombay High Court after NTA's final scorecard displayed only 95 marks, alleging severe irregularities in the NEET UG results.