എംസിസി നീറ്റ് യുജി രണ്ടാം റൗണ്ട് അലോട്മെന്‍റ്; 1126 പുതിയ എംബിബിഎസ് സീറ്റുകൾ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ്-യുജി) 2025 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മറ്റി (എംസിസി) നടത്തുന്ന അഖിലേന്ത്യാതല അലോട്മെന്റിന്റെ രണ്ടാം റൗണ്ടിനുള്ള രജിസ്ട്രേഷൻ, തുകയടയ്ക്കൽ, ചോയ്സ് ഫില്ലിങ്, ലോക്കിങ് എന്നിവ mcc.nic.in ൽ (യുജി മെഡിക്കൽ ലിങ്ക്) ചൊവ്വാഴ്ച വരെ നടത്താം.
എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്സിങ് എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. രണ്ടാംറൗണ്ട് രജിസ്ട്രേഷന് (ബാധകമെങ്കിൽ) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെയും തുക അടയ്ക്കാൻ വൈകീട്ട് മൂന്നു വരെയും സമയമുണ്ട്.
ചോയ്സ് ഫില്ലിങ് രാത്രി 11.55 വരെ നടത്താം. ലോക്കിങ് സൗകര്യം വൈകീട്ട് നാലുമുതൽ രാത്രി 11.55 വരെ ലഭിക്കും.
രണ്ടാം റൗണ്ട് അലോട്മെൻറ് ഫലം സെപ്‌റ്റംബർ 12-ന് പ്രഖ്യാപിക്കും. റിപ്പോർട്ടിങ് സൗകര്യം 13 മുതൽ 19 വരെ ഉണ്ടാകും.
വ്യവസ്ഥകൾ
- ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പുതിയ രജിസ്ടേഷൻ നടത്തി ബാധകമായ ഫീ അടച്ച് പ്രക്രിയയിൽ പങ്കെടുക്കാം. ഇവർക്ക് രണ്ടാംറൗണ്ടിൽ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ പുതിയ രജിസ്ട്രേഷൻ നടത്താതെ മൂന്നാം റൗണ്ടിൽ പങ്കെടുക്കാം
- ആദ്യറൗണ്ടിൽ സീറ്റ് ലഭിക്കാത്തവർ, സീറ്റ് ലഭിച്ച് പ്രവേശനം നേടാത്തവർ (ഫ്രീ എക്സിറ്റ് എടുത്തവർ) എന്നിവർക്ക് രണ്ടാംറൗണ്ടിൽ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ വേണ്ടാ
- പ്രവേശനംനേടി അപ്ഗ്രഡേഷൻ ഓപ്ഷൻ നൽകിയവർ, പ്രവേശനം നേടിയശേഷം അനുവദിച്ച സമയപരിധിക്കകം ഓൺലൈനായി സീറ്റ് വേണ്ടെന്നുവെച്ചവർ എന്നിവർക്കും രണ്ടാംറൗണ്ടിൽ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ വേണ്ടാ
- രണ്ടാം റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ള എല്ലാവരും പുതിയ ചോയ്സുകൾ നിർബന്ധമായും നൽകണം. ആരുടെയും ആദ്യറൗണ്ടിലെ ചോയ്സുകൾ/അവശേഷിക്കുന്ന ചോയ്സുകൾ പരിഗണിക്കില്ല
- അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്ത്, രണ്ടാംറൗണ്ടിലേക്ക് ചോയ്സ് നൽകിയവർക്ക്, രണ്ടാംറൗണ്ടിൽ ഒരു മാറ്റം ലഭിച്ചാൽ ആദ്യറൗണ്ട് സീറ്റ് നഷ്ടപ്പെടും. മാറ്റം വന്നില്ലെങ്കിൽ ആദ്യ റൗണ്ട് സീറ്റ് നിലനിൽക്കും. അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്തിട്ട്, ചോയ്സ് ഫില്ലിങ് നടത്താത്തവർക്ക് ആദ്യറൗണ്ടിൽ പ്രവേശനം നേടിയ സീറ്റ് നിലനിൽക്കും.
രണ്ടാംറൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്നവർ പ്രവേശനം നേടാതിരുന്നാൽ സീറ്റും സെക്യൂരിറ്റിത്തുകയും നഷ്ടപ്പെടും. ഇവർക്ക് മൂന്നാംറൗണ്ടിൽ പങ്കെടുക്കണമെങ്കിൽ വീണ്ടും ഫീ അടയ്ക്കണം.
രണ്ടാംറൗണ്ടിലുള്ള സീറ്റുകൾ
ആദ്യറൗണ്ട് പ്രവേശനം പൂർത്തിയായപ്പോൾ മൂന്നു കോഴ്സുകളിൽ (എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്സിങ്) എല്ലാ വിഭാഗം സ്ഥാപനങ്ങളിലുമായി (കല്പിത സർവകലാശാലകൾ ഉൾപ്പടെ) വിവിധ ക്വാട്ടകളിലായി മൊത്തം 13,501 ഒഴിവുകൾ ഉണ്ട്. ഇവ രണ്ടാംറൗണ്ടിൽ നികത്തും. ഇവ കടാതെ, പുതുതായി ഉൾപ്പെടുത്തിയ സീറ്റുകളും രണ്ടാംറൗണ്ടിൽ നികത്തും.
- ഓൾ ഇന്ത്യ ക്വാട്ടയിൽ എംബിബിഎസിന് 6739-ഉം ബിഡിഎസിന് 482-ഉം ഒഴിവുകൾ ഉണ്ട്.
- കേരളത്തിലെ ഓൾ ഇന്ത്യ ക്വാട്ട എംബിബിഎസ് ഒഴിവുകൾ (കാസർകോട്, വയനാട് ഉൾപ്പെടെ): ഓപ്പൺ-75, ഇഡബ്ല്യുഎസ്-21, ഒബിസി-62, എസ്‌സി-29, എസ്‌ടി-13, പിഎച്ച് -10 (ആകെ 210)
- കേരളത്തിലെ ഓൾ ഇന്ത്യ ക്വാട്ട ബിഡിഎസ് ഒഴിവുകൾ: ഓപ്പൺ-17, ഇഡബ്ല്യുഎസ്-5, ഒബിസി-10, എസ്‌സി-6, എസ്‌ടി-2, പിഎച്ച്-4 (ആകെ 44)
- ഓപ്പൺ സീറ്റ് ക്വാട്ടയിൽ (എയിംസ്, ജിപ്മർ, ബനാറസ്, അലിഗഢ്, ജാമിയ തുടങ്ങിയവയിലേത്) 401 എംബിബിഎസ് സീറ്റുകളും 76 ബിഡിഎസ് സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു.
- കല്പിത സർവകലാശാലാ ഒഴിവ്: എംബിബിഎസ് -3553, ബിഡിഎസ് -614 (ഡീംഡ്/പെയ്ഡ് സീറ്റ് ക്വാട്ട)
- ബിഎസ്‌സി നഴ്സിങ്ങിന് ഓൾ ഇന്ത്യ വിഭാഗത്തിൽ 226 ഒഴിവുകൾ ഉണ്ട്.
- രണ്ടാംറൗണ്ടിൽ മൂന്ന് പ്രോഗ്രാമുകൾക്കുംകൂടി വെർച്വൽ വേക്കൻസികൾ (അപ്ഗ്രഡേഷൻ ഓപ്ഷൻ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായേക്കാവുന്നത്) 7088 ആണ്.
പുതിയ സീറ്റുകൾ
രണ്ടാംറൗണ്ടിൽ വിവിധവിഭാഗം സ്ഥാപനങ്ങളിലായി എംബിബിഎസിന് 1126-ഉം (ഓൾ ഒന്ത്യ -366, ഡീംഡ് -623, എൻആർഐ -77, ഇഎസ്ഐ -60),
ബിഡിഎസിന് എട്ടും (ഓൾ ഇന്ത്യ) സീറ്റുകൾ പുതുതായി അലോട്മെൻറ് പ്രക്രിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കാസർകോട് സർക്കാർ മെഡിക്കൽ കോളേജിൽ ഏഴ് സീറ്റും (ഓപ്പൺ -മൂന്ന്, ഒബിസി -രണ്ട്, എസ്‌സി -ഒന്ന്, എസ്‌ടി -ഒന്ന്), വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഏഴും സീറ്റും (ഓപ്പൺ -മൂന്ന്, ഒബിസി -രണ്ട്, ഇഡബ്ല്യുഎസ് -ഒന്ന്, എസ്‌സി-ഒന്ന്) രണ്ടാംറൗണ്ടിൽ നികത്തും.
നിലവിലെ ഒഴിവുകൾ, വർച്വൽ ഒഴിവുകൾ, പുതിയ സീറ്റുകൾ തുടങ്ങിയവയുടെ പട്ടിക mcc.nic.in ൽ ഉണ്ട്.
Content Highlights: NEET UG 2025: MCC`s 2nd round AIQ counselling registration, fee payment, choice filling & locking