12 മണിക്കൂര്‍ പഠനം, കൃത്യമായ റിവിഷന്‍; രണ്ടാം ശ്രമത്തില്‍ നീറ്റില്‍ കേരളത്തില്‍ ഒന്നാമതെത്തി ദീപ്നിയ

നല്ലൊരു ജോലി വേണം, അത് സാമൂഹിക പ്രതിബദ്ധതയുള്ളതാവണം അങ്ങനെയാണ് ഡോക്ടര്‍ ജോലിയോട് ഇഷ്ടം തോന്നിയതും നീറ്റ് പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുന്നതും. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് ഒന്നാമതെത്തിയ പേരാമ്പ്ര ആവള സ്വദേശിയായ ദിപ്നിയ പറയുന്നു. നീറ്റ് പരീക്ഷയില്‍ 109-ാം റാങ്ക് നേടിയ ദീപ്നിയ തന്റെ പഠനവഴിയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു
ഡോക്ടറെന്ന സ്വപ്‌നം
പ്ല്‌സടു എത്തിയപ്പോഴാണ് ഡോക്ടറാവണമെന്ന് ആഗ്രഹം വരുന്നത്. നല്ലൊരു ജോലി വാങ്ങി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ആദ്യമേ ഉള്ള ആഗ്രഹമാണ്. നമ്മള്‍ തിരഞ്ഞെടുക്കുന്ന ജോലി കൊണ്ട് ചുറ്റുമുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണം എന്ന ചിന്തയാണ് ഡോക്ടര്‍ എന്ന പ്രൊഫഷനിലേക്ക് എത്തിച്ചത്. ജിഎച്ച്എസ് ആവള, കുട്ടോത്താണ് ഞാന്‍ പഠിച്ചത്. പ്ലസ് വണ്‍ എത്തിയപ്പോള്‍ തന്നെ നീറ്റിന് വേണ്ടി പഠിക്കണമെന്ന് ഉറച്ചു. പ്ലസ്ടുവിന് ഒരു ട്യൂഷന്‍ സെന്ററില്‍ പോയിരുന്നു. അവിടെ നിന്ന് പഠിച്ചതും ഒറ്റയ്ക്ക് പഠിച്ചതും കൂടിയാണ് ആദ്യ നീറ്റ് പരീക്ഷ എഴുതാന്‍ പോയത്. 29000ത്തില്‍ ഏതോ ആയിരുന്നു റാങ്ക്. നല്ല പോലെ ഫോക്കസ് ചെയ്ത് പഠിച്ചാല്‍ കിട്ടും എന്നൊരു വിശ്വാസമുണ്ടായിരുന്നു. അങ്ങനെയാണ് റിപ്പീറ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. പാല ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ കോഴിക്കോട് സെന്ററിൽ ചേര്‍ന്ന് പഠിക്കാന്‍ ആരംഭിച്ചു.
കോച്ചിങ് കാലം
കോച്ചിങ്ങ് സെന്ററിന്റെ ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനം. ഒരുവര്‍ഷം പൂര്‍ണമായും പഠനത്തിനായി നീക്കി വെച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി. ക്ലാസുകള്‍ എല്ലാം വളരെ നല്ലതായിരുന്നു. അന്നന്ന് പഠിപ്പിക്കുന്നത് അന്ന് തന്നെ പഠിച്ച് പോവുന്നതായിരുന്നു രീതി. ക്ലാസിലെ ചെറിയ പരീക്ഷ പോലും വളരെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. പരീക്ഷകളില്‍ തെറ്റുപറ്റിയ ഭാഗം വീണ്ടും വീണ്ടും പഠിച്ച് മനസിലുറപ്പിച്ച് മാത്രമാണ് ഉറങ്ങിയിരുന്നത്.
റിവിഷന്‍ തന്നെ ശരണം
ഓര്‍ഗാനിക്ക് കെമിസ്ട്രിയായിരുന്നു ബുദ്ധിമുട്ടിച്ചത്. വീണ്ടും വീണ്ടും വായിച്ച് പഠിക്കലായിരുന്നു അതിന് ഞാന്‍ കണ്ട വഴി. ചെറിയ നോട്ടുകളുണ്ടാക്കി സ്റ്റഡി ഹാളില്‍ ഒട്ടിച്ചുവെയ്ക്കുമായിരുന്നു. കൃത്യമായി റിവിഷന്‍ ചെയ്യാന്‍ ഒരിക്കലും മറക്കില്ല. എത്ര പഠിച്ചാലും റിവിഷന്‍ ചെയ്തില്ലെങ്കില്‍ എല്ലാം കൈവിട്ട് പോവുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദിവസേന 12 മണിക്കൂര്‍ പഠിക്കുമായിരുന്നു. ഒരുകാരണവശാലും ഇത് കുറയില്ല.
ഇഷ്ടപ്പെട്ട് പഠിക്കുക
സമ്മര്‍ദ്ദത്തെ തോല്‍പ്പിക്കാന്‍ ഞാന്‍ കണ്ടെത്തിയ വഴി ഇഷ്ടപ്പെട്ട് പഠിക്കുക എന്നതാണ്. സമ്മര്‍ദ്ദം വരാതെ പരമാവധി നോക്കും. അധികം ടെന്‍ഷന്‍ ഞാന്‍ തലയില്‍വെച്ചിട്ടില്ല. കഴിവിന്റെ പരമാവധി പഠിക്കുക, വിട്ടുവീഴ്ച്ചയില്ലാതെ ഇത് ചെയ്താല്‍ ഫലം പിന്നാലെ വരുമെന്നായിരുന്നു എന്റെ വിശ്വാസം.
കുടുംബത്തിന്റെ പിന്തുണ
എന്റെ എല്ലാം ആഗ്രഹത്തിനും ഒപ്പം നില്‍ക്കുന്ന കുടുംബമാണ് ശക്തി. നീറ്റ് റിപ്പീറ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പം നിര്‍ത്തി. എനിക്ക് സമ്മര്‍ദ്ദം വന്നാല്‍ അവരെയാണ് ഞാന്‍ ആദ്യം വിളിക്കുക. ഞാന്‍ പഠിച്ച സ്‌കൂളിലെ അധ്യാപകരായിരുന്ന മാതാപിതാക്കള്‍. അച്ഛന്‍ ദിനേശന്‍ ഹയര്‍സെക്കൻഡറിയില്‍ ഗണിത അധ്യാപകനാണ്. അമ്മ ബിജി ഹൈസ്‌കൂളില്‍ ഗണിത അധ്യാപികയും. സഹോദരന്‍ ദീപക് ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. റാങ്ക് പ്രതീക്ഷിച്ചെങ്കിലും കേരളത്തില്‍ ഒന്നാമതെത്തുമെന്ന് കരുതിയില്ല. അവരെല്ലാവരും സന്തോഷത്തിലാണ്.
സ്വപ്‌നം
ജിപ്‌മെറില്‍ സീറ്റ് ലഭിക്കണമെന്നാണ് ആഗ്രഹം. നല്ലൊരു ഡോക്ടറാവണം, സമൂഹത്തിന് വെളിച്ചമാവണം. അതാണ് ആഗ്രഹം.
Content Highlights: NEET Topper Deepniya`s Success Story