നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന് നടത്താൻ അനുവദിക്കണം,എൻബിഇഎംഎസ് സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡൽഹി: മാറ്റിവെച്ച നീറ്റ് പിജി പരീക്ഷ ഒറ്റഷിഫ്റ്റായി ഓഗസ്റ്റ് മൂന്നിന് നടത്താൻ സുപ്രീംകോടതിയുടെ അനുമതിതേടി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്).
ഓഗസ്റ്റ് മൂന്നിന് രാവിലെ ഒൻപതുമുതൽ 12.30 വരെ പരീക്ഷ നടത്താനാണ് അനുമതി തേടിയിരിക്കുന്നത്. ഒറ്റഷിഫ്റ്റ് മതിയെന്ന സുപ്രീംകോടതിനിർദേശത്തിനുപിന്നാലെ, രണ്ടുഷിഫ്റ്റിൽ ജൂൺ 15-ന് നടത്താൻ ആദ്യം നിശ്ചയിച്ച പരീക്ഷ നീട്ടിവെക്കുകയാണെന്ന് എൻബിഇഎംഎസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
മുൻനിശ്ചയിച്ച തീയതിയിൽ ഒറ്റഷിഫ്റ്റിൽ പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ എൻബിഇഎംഎസ് ചൂണ്ടിക്കാട്ടി. കൂടുതൽ പരീക്ഷാകേന്ദ്രങ്ങളും ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.
മുൻനിശ്ചയിച്ചതീയതിൽ പരീക്ഷ നടത്താൻ ശ്രമിക്കണമെന്നും സാധിക്കുന്നില്ലെങ്കിൽ നീട്ടിവെക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. രണ്ടുഷിഫ്റ്റായി പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്ക് തുല്യാവസരവും നീതിയും ഉറപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീറ്റ് പിജി പരീക്ഷ ഒറ്റ ഷിഫ്റ്റാക്കാൻ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി നിർദേശിച്ചത്.
Content Highlights: NEET PG Exam 2024: Supreme Court Hearing