നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കൽ: ഹർജിക്കാരോട് മറുപടി തേടി സുപ്രീംകോടതി

ന്യൂഡൽഹി: പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്നത് പരിഗണിച്ചുവരുകയാണെന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടിനൽകാൻ ഹർജിക്കാരോട് സുപ്രീംകോടതി. വിദ്യാർഥികൾ പരീക്ഷയ്ക്കായി തയ്യാറെടുപ്പ് ആരംഭിച്ചതിനാൽ കംപ്യൂട്ടർ അധിഷ്ഠിതമാക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ എത്രയുംവേഗംവേണമെന്നു ഹർജിക്കാരായ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.
നീറ്റ് ഉൾപ്പെടെ സുപ്രധാന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പിരിച്ചുവിടുകയോ പകരം സംവിധാനം കൊണ്ടുവരുകയോ വേണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. എൻ.ടി.എ.യിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ആർ.ജെ.ഡി. നേതാവ് സുധാകർ സിങ് എം.പി.യുടെ ഹർജിയുമുണ്ട്. കേസ് ഈമാസം 19-ന് വീണ്ടും പരിഗണിക്കും മുൻപ് മറുപടി നൽകാൻ ഹർജിക്കാരോട് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
നീറ്റ് കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്രം കഴിഞ്ഞദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എൻ.ടി.എ. നടത്തുന്ന ഒട്ടുമിക്ക പരീക്ഷകളും കംപ്യൂട്ടർ അധിഷ്ഠിതമായിക്കഴിഞ്ഞു.
എൻജിനിയറിങ് പ്രവേശനത്തിനുള്ള ജെ.ഇ.ഇ. പരീക്ഷയുടെ മാതൃകയിൽ നീറ്റും കംപ്യൂട്ടർ അധിഷ്ഠിതമായി രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതാണ് പരിഗണിക്കുന്നതെന്നും സർക്കാർ പറഞ്ഞു. ചോദ്യച്ചോർച്ചയെത്തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് റദ്ദാക്കിയിരുന്നു.
718, 719...! ഒരിക്കലും കിട്ടാനിടയില്ലാത്ത നീറ്റ് സ്‌കോർ; ഉത്തരം കിട്ടാത്ത ഡോ. പ്രണവിന്റെ ചോദ്യങ്ങൾ
ജൂൺ 21-ന് പുനഃപരീക്ഷ നടന്നു. ചോദ്യച്ചോർച്ചാ സംഭവങ്ങൾ സി.ബി.ഐ. അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി പ്രത്യേക അതിവേഗകോടതിയും സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷാനടത്തിപ്പ് പരിഷ്കരിക്കുന്നത് സംബന്ധിച്ച് നന്ദൻ നിലേകനിയുടെ അധ്യക്ഷതയിൽ കേന്ദ്രം ഉന്നതാധികാര ദൗത്യസംഘവുമുണ്ടാക്കിയിരുന്നു.
Content Highlights: The Supreme Court has asked petitioners to respond to the Central Government's proposal to shift the NEET medical entrance examination from a pen-and-paper format to a two-phase computer-based test (CBT) to prevent future paper leaks.