പാഠപുസ്തകത്തിലെ വിവാദ ചിത്രം; അച്ചടിച്ച പുസ്തകം മാറ്റില്ല, അടുത്തവർഷംമുതൽ മാറ്റം

#Education Desk
നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപം പാഠപുസ്തകത്തില്‍ ശരീരംമറച്ചനിലയില്‍
നൃത്തംചെയ്യുന്ന പെണ്‍കുട്ടിയുടെ രൂപം പാഠപുസ്തകത്തില്‍ ശരീരംമറച്ചനിലയില്‍

ന്യൂഡൽഹി: സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ചരിത്രശില്പത്തിന്റെ ‘നഗ്നത’ മറച്ച് പുറത്തിറക്കിയ ഒൻപതാം ക്ലാസ് പാഠപുസ്തകം എൻ.സി.ഇ.ആർ.ടി. തത്‌കാലം മാറ്റംവരുത്തില്ല. വിദ്യാർഥികൾക്ക് ക്ലാസ് തുടങ്ങിയതിനാൽ പുസ്തകങ്ങൾ തിരിച്ചുവാങ്ങി പുനഃപ്രസിദ്ധീകരിക്കുന്നത് പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണിത്. എൻ.സി.ഇ.ആർ.ടി. വെബ്‌സൈറ്റിലുള്ള ഡിജിറ്റൽ കോപ്പിയിൽ മാറ്റംവരുത്തിയിട്ടുണ്ട്.

അടുത്തവർഷംമുതൽ യഥാർഥ ശില്പത്തിന്റെ ചിത്രത്തോടെ മാറ്റംവരുത്തിയാകും പുസ്തകങ്ങൾ അച്ചടിക്കുക. ഈവർഷം പുനഃപ്രസിദ്ധീകരണമുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു.

ഈവർഷം പരിഷ്കരിച്ച ഒൻപതാം ക്ലാസ് പാഠപുസ്തകങ്ങൾ കിട്ടാൻ വൈകിയെന്ന് സ്കൂളുകളിൽനിന്ന് പരാതികളുയരുന്നതിനിടെയാണ് വിവാദമുണ്ടായത്. സാമൂഹികശാസ്ത്രത്തിന്റേത് ഒഴികെ ബാക്കി പാഠപുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെയും അച്ചടി ഉടൻ നടക്കുമെന്നും വൈകാതെ വിതരണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ആർട്‌സ് പാഠപുസ്തകത്തിലായിരുന്നു വിവാദചിത്രം ഉൾപ്പെട്ടത്. ഇതുസംബന്ധിച്ച മാധ്യമവാർത്തകൾ പുറത്തുവന്നതിനു പിന്നാലെ വിദ്യാഭ്യാസ മന്ത്രാലയം എൻ.സി.ഇ.ആർ.ടി.യോട് വിശദീകരണം ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്.

Content Highlights: NCERT has decided not to reprint the 9th-grade textbook featuring a modified image of the Indus Valley Civilization's 'Dancing Girl' statue this year due to logistical constraints, but promised to restore the original image in the next academic cycle.